പരവൂർ: ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് പുതിയ മുന്നേറ്റവുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ. ഉപഭോക്താക്കൾക്ക് ബാങ്ക് ശാഖകളിലോ എടിഎം സെന്ററുകളിലോ പോകാതെ തന്നെ ഇടപാടുകൾ നടത്താനായി എസ്ബിഐ വാട്സ് ആപ്പ് ബാങ്കിംഗ് സേവനം വിപുലീകരിച്ചു.
അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നത് മുതൽ മിനി സ്റ്റേറ്റ്മെന്റ് എടുക്കുന്നത് ഉൾപ്പെടെയുള്ള പത്ത് സേവനങ്ങൾ ഉപഭോക്താക്കൾക്ക് വാട്സ് ആപ്പ് വഴി ഇനി ലഭ്യമാകും. ഇതിനായി അക്കൗണ്ട് ഉടമകൾ ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ നിന്ന് ഒരു എസ്എംഎസ് അയച്ച് സേവനം ആക്ടിവേറ്റ് ചെയ്യാം.
+917208933148 എന്ന നമ്പരിലേക്കാണ് എസ്എംഎസ് അയയ് ക്കേണ്ടത്. തുടർന്ന് ലഭിക്കുന്ന നിർദേശങ്ങൾ പിന്തുടർന്ന് രജിസ്ട്രേഷൻ പൂർത്തിയായാൽ ബാങ്കിൽനിന്ന് സ്ഥിരീകരണം ലഭിക്കും. പിന്നീട് +919022690226 എന്ന നമ്പരിലേക്ക് ഹായ് എന്ന വാട്സ് ആപ്പ് സന്ദേശം അയച്ചാൽ സേവനങ്ങൾ ലഭ്യമായി തുടങ്ങും. അക്കൗണ്ട് ബാലൻസ് പരിശോധിക്കൽ, പത്ത് ഇടപാടുകളുടെ മിനി സ്റ്റേറ്റ്മെന്റ്, 250 ഇടപാടുകൾ വരെയുള്ള അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എന്നിവ ഇതു വഴി ലഭിക്കും.
ഇതുകൂടാതെ, പെൻഷൻ സ്ലിപ്പ്, ഭവന- വിദ്യാഭ്യാസ വായ്പകളുടെ പലിശ സർട്ടിഫിക്കറ്റ് എന്നിവ ഡൗൺലോഡ് ചെയ്ത് എടുക്കാനും സൗകര്യമുണ്ട്.
വായ്പകളെക്കുറിച്ചുള്ള വിവരങ്ങൾ, നിക്ഷേപ പദ്ധതികളുടെ പലിശനിരക്കുകൾ, എൻആർഐ സേവനങ്ങൾ എന്നിവയും വാട്സ് ആപ്പിലൂടെ അറിയാൻ സാധിക്കും.
എടിഎം കാർഡ് നഷ്ടപ്പെട്ടാൽ ബ്ലോക്ക് ചെയ്യുന്നതിനും അടുത്തുള്ള എടിഎം സെന്ററുകളും ബാങ്ക് ശാഖകളും കണ്ടെത്തുന്നതിനും ഈ സേവനം പ്രയോജനപ്പെടുത്താം.
സമയം ലാഭിക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് സുരക്ഷിതമായി ബാങ്കിംഗ് സേവനങ്ങൾ നടത്താൻ വാട്സ് ആപ്പ് ബാങ്കിംഗ് സേവനം സഹായിക്കുമെന്ന് എസ്ബിഐ അധികൃതർ അറിയിച്ചു.
Tags : SBI expands WhatsApp banking system