പ്രതീകാത്മക ചിത്രം
മുംബൈ: ശക്തമായ വിദേശ നിക്ഷേപം, ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ്, പ്രതീക്ഷിച്ചതിലും മികച്ച രണ്ടാംപാദ കന്പനി ഫലങ്ങൾ, ആഗോളതലത്തിൽ എഐ അനുബന്ധ ഓഹരികളിലുണ്ടായ വിൽപന സമ്മർദം എന്നിവയുടെ പശ്ചാത്തലത്തിൽ ഈ മാസം ഓഹരിവിപണി വൻ കുതിപ്പ് നടത്തി. ബിഎസ്ഇ സെൻസെക്സ് 11 ശതമാനത്തോളം ഉയർന്നതോടെ ഓഹരി നിക്ഷേപകരുടെ ആസ്തിയിൽ 34.61 ലക്ഷം കോടി രൂപയുടെ (34.61 ട്രില്യണ്‍ രൂപ) വർധനയുണ്ടായി.
നവംബർ 23 വരെയുള്ള കണക്കിൽ 30 ഓഹരികൾ ഉൾപ്പെടുന്ന ബിഎസ്ഇ സെൻസെക്സ് 7976.46 പോയിന്റ് (10.71%) ഉയർന്നു. ഓഹരി സൂചികകളിലുണ്ടായ കുതിപ്പിനെത്തുടർന്ന് ഈ മാസം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണിമൂല്യം 34.61 ട്രില്യണ്‍ രൂപ ഉയർന്ന് 5,08,98,444.87 കോടി രൂപയായി (5.48 ട്രില്യണ്‍ ഡോളർ) ഉയർന്നു.
വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്
വിദേശനിക്ഷേപകരുടെ ഇന്ത്യൻ ഓഹരിവിപണിയിലുണ്ടായ ശക്തമായ തിരിച്ചുവരവാണ് കുതിപ്പിനു പ്രധാന കാരണം. നവംബർ ഇതുവരെ ഇവരുടെ നിക്ഷേപം ഒരു ലക്ഷം കോടി കടന്ന് 1.27 ലക്ഷം കോടി രൂപയിലെത്തി. ഒരു മാസത്തെ ഏറ്റവും ഉയർന്ന നിക്ഷേപമാണിത്.
നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ (എൻഎസ്ഡിഎൽ) കണക്കുകൾ പ്രകാരം, ഒക് ടോബറിൽ 34,843 കോടി രൂപയും സെപ്റ്റംബറിൽ 35,861 കോടി രൂപയും വിദേശനിക്ഷേപ സ്ഥാപനങ്ങൾ പിൻവലിച്ചതിനുശേഷമാണ് ഈ ശക്തമായ നിക്ഷേപമുണ്ടായത്.
ഈ വർഷം ഒക്ടോബർ ഒന്നിന് 71,292.88 എന്ന ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണതിന് ശേഷമുള്ള വിപണിയുടെ ഈ ശക്തമായ കുതിപ്പ് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് രേഖപ്പെടുത്തിയ 86,159.02 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിൽനിന്നും 3,723 പോയിന്റ് മാത്രം അകലെയാണ് നിലവിൽ ബിഎസ്ഇ സെൻസെക്സ്.
കഴിഞ്ഞ ആഴ്ച ബിഎസ്ഇ സൂചിക 2,327.26 പോയിന്റ് അഥവാ 2.85 ശതമാനവും നിഫ്റ്റി 656.3 പോയിന്റ് അഥവാ 2.61 ശതമാനവും ഉയർന്നിരുന്നു.
എന്നാൽ, തുടർച്ചയായ നാല് ആഴ്ചത്തെ മുന്നേറ്റത്തിന് ശേഷം തിങ്കളാഴ്ച വിപണിയിൽ ശക്തമായ ലാഭമെടുപ്പ് ഉണ്ടായതോടെ സൂചികകൾ ഏകദേശം രണ്ട് ശതമാനത്തോളം ഇടിഞ്ഞു.
Tags : crude oil price wealth Investors NSE BSE Sensex global markets Business