ന്യൂഡൽഹി: രാജ്യത്തു പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ലെന്ന് ആവർത്തിച്ചു കേന്ദ്രം. ഊർജവിതരണ സാഹചര്യം പൂർണമായും സുരക്ഷിതവും നിയന്ത്രണവിധേയവുമാണെന്നും കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
എല്ലാ റീട്ടെയിൽ ഇന്ധന ഔട്ട്ലെറ്റുകളിലും ആവശ്യത്തിനു സ്റ്റോക്കുണ്ടെന്നും പരിഭ്രാന്തി സൃഷ്ടിക്കുന്നതിനായി മനഃപൂർവം നടത്തുന്ന പ്രചാരണങ്ങളിൽ വീഴരുതെന്നും മന്ത്രാലയം അറിയിച്ചു.
“ലോകത്തിലെ നാലാമത്തെ വലിയ റിഫൈനറും അഞ്ചാമത്തെ വലിയ പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി രാജ്യവുമാണ് ഇന്ത്യ. 150ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ ശുദ്ധീകരിച്ച ഇന്ധനം കയറ്റുമതി ചെയ്യുന്നു.
ലോകത്തിന് ഇന്ത്യ ഒരു നെറ്റ് എക്സ്പോർട്ടറായതിനാൽ (വിദേശവ്യാപാരത്തിൽനിന്നു വാങ്ങുന്നതിനെക്കാൾ അവയ്ക്കു വിൽക്കുന്ന രാജ്യം) ആഭ്യന്തര പെട്രോൾ, ഡീസൽ ലഭ്യത ഘടനാപരമായി ഉറപ്പാക്കപ്പെട്ടിരിക്കുന്നു. വിതരണം റേഷൻ ചെയ്യാൻ ഒരൊറ്റ ഔട്ട്ലെറ്റിനോടും ആവശ്യപ്പെട്ടിട്ടില്ല.
ചില പന്പുകളിൽ ആശങ്കപ്പെട്ട് ഉത്പന്നങ്ങൾ വാങ്ങിക്കൂട്ടുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്ന ചില തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ മൂലമാണ്. ആഗോളതലത്തിൽ എന്തൊക്കെ സംഭവിച്ചാലും എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഏകദേശം രണ്ടു മാസത്തെ സ്ഥിരമായ വിതരണം ലഭ്യമാണ്.
അടുത്ത രണ്ടു മാസത്തെ ക്രൂഡ് സംഭരണവും ഉറപ്പാക്കിയിട്ടുണ്ട്.”-മന്ത്രാലയം വ്യക്തമാക്കി. അവശ്യസാധന ലഭ്യതയെ സംബന്ധിച്ചു തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നടപടിയെടുക്കാൻ സർക്കാർ വിമുഖത കാട്ടില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
Tags : Union Petroleum Ministry no energy shortage country