പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷനറി ഓഫീസർ/മാനേജ്മെന്റ് ട്രെയിനി, സ്പെഷലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) അപേക്ഷ ക്ഷണിച്ചു.
പ്രൊബേഷനറി ഓഫീസർ (പിഒ)/മാനേജ്മെന്റ് ട്രെയിനി തസ്തികയിൽ 5,208 ഒഴിവും സ്പെഷലിസ്റ്റ് ഓഫീസർ (എസ്ഒ) തസ്തികകളിൽ 1,007 ഒഴിവുമാണുള്ളത്. ഒഴിവുകളുടെ എണ്ണം വർധിച്ചേക്കാം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഓൺലൈൻ അപേക്ഷ ജൂലൈ 21 വരെ.
കോമൺ റിക്രൂട്ട്മെന്റ് പ്രോസസ്
പൊതുമേഖലാ ബാങ്കുകളിലെ പിഒ, എസ്ഒ നിയമനങ്ങൾക്കായി ഐബിപിഎസ് നടത്തുന്ന 15-ാം പൊതു എഴുത്തുപരീക്ഷയാണിത്. 11 പൊതുമേഖലാ ബാങ്കുകളിലേക്കാണ് ഐബിപിഎസ് വഴി റിക്രൂട്ട്മെന്റ് (ബാങ്കുകളുടെ പട്ടിക പ്രത്യേകം ചേർത്തിട്ടുണ്ട്).
ഐബിപിഎസ് പരീക്ഷ എഴുതിയവരെ മാത്രമേ ഈ ബാങ്കുകളിലെ അടുത്ത സാന്പത്തികവർഷത്തെ (2026-27) പിഒ/മാനേജ്മെന്റ് ട്രെയിനി, എസ്ഒ നിയമനങ്ങൾക്കു പരിഗണിക്കൂ.
പൊതുപരീക്ഷയിലെ സ്കോറിന്റെ അടിസ്ഥാനത്തിലാണു പ്രാഥമിക തെരഞ്ഞെടുപ്പ്. പിഒ നിയമനത്തിന് ഇന്റർവ്യൂ കൂടാതെ പേഴ്സണാലിറ്റി ടെസ്റ്റും നടത്തും. പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും.
ക്രെഡിറ്റ് സ്കോർ: അപേക്ഷകർ മികച്ച ക്രെഡിറ്റ് ഹിസ്റ്ററി നിലനിർത്തുന്നവരാകണം (ബാങ്ക് അക്കൗണ്ട് ഉള്ള അപേക്ഷകർക്കു മാത്രം ബാധകം). അതതു ബാങ്കുകൾക്കു ബാധകമായ മിനിമം സിബിൽ സ്കോർ നിയമനസമയത്ത് ആവശ്യമായി വരും. അപേക്ഷകർക്ക് ആധാർ കാർഡ് ഉണ്ടായിരിക്കണം.
പ്രൊബേഷണറി ഓഫീസർ
ശമ്പളസ്കെയിൽ: 48,480-85,980രൂപ. പ്രായം: 2025 ജൂലൈ ഒന്നിന് 20-30 വയസ്. അപേക്ഷകർ 02.07.1995നു മുന്പോ 01.01.2005നു ശേഷമോ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കരുത്.
ഉയർന്ന പ്രായപരിധിയിൽ എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒബിസി (എൻസിഎൽ) വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് 10 വർഷത്തെ ഇളവുണ്ട്. വിമുക്തഭടന്മാർക്കും നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/തത്തുല്യമാണ് യോഗ്യത. 2025 ജൂലൈ 21 (അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി) അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും.
തെരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിൻ പരീക്ഷകൾ, പേഴ്സണാലിറ്റി ടെസ്റ്റ്, അഭിമുഖം എന്നിവ നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്. ഓഗസ്റ്റിൽ പ്രിലിമിനറി പരീക്ഷ. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയിൽ ഇംഗ്ലീഷ് ലാംഗ്വേജ് (30 മാർക്ക്), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (30 മാർക്ക്), റീസണിംഗ് എബിലിറ്റി ( 40 മാർക്ക്) എന്നിങ്ങനെ ചോദ്യങ്ങൾ ഉണ്ടാകും. ( ഓരോ വിഷയത്തിനും 20 മിനിറ്റ് വീതം, ആകെ 100 ചോദ്യം, 100 മാർക്ക്). തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാർക്ക് ഉണ്ട്.
മെയിൻ പരീക്ഷ ഒക്ടോബറിൽ(വിശദാംശങ്ങൾ വെബ്സൈറ്റിൽ). പേഴ്സണാലിറ്റി ടെസ്റ്റ് നവംബർ / ഡിസംബറിൽ. തുടർന്ന് ഇന്റർവ്യൂ. ഇന്റർവ്യൂവിന് 100 മാർക്ക്. നടപടികൾ പൂർത്തിയാക്കി 2026 ജനുവരി/ ഫെബ്രുവരി മാസത്തിൽ പ്രൊവിഷണൽ അലോട്ട്മെന്റ് നടത്തും.
പരീക്ഷാകേന്ദ്രങ്ങൾ: പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവറത്തിയിലും കേന്ദ്രമുണ്ടാവും. മെയിൻ പരീക്ഷയ്ക്ക് കൊച്ചി, കോഴിക്കോട്, തിരുവനന്ത പുരം, കവരത്തി എന്നിവിടങ്ങളിൽ കേന്ദ്രമുണ്ടാവും.
ഫീസ്: ജിഎസ്ടി ഉൾപ്പെടെ 850 രൂപയാണ് ഫീസ് (എസ്സി, എസ്ടി വിഭാഗക്കാരും ഭിന്നശേഷിക്കാരും 175 രൂപ അടച്ചാൽ മതിയാവും). ഓൺലൈനായി ജൂലൈ 21 വരെ ഫീസ് അടയ്ക്കാം.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിജ്ഞാപനവും അപേക്ഷിക്കുന്നതിനുള്ള ലിങ്കും www.ibps.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
സ്പെഷലിസ്റ്റ് ഓഫീസർ
ശമ്പളസ്കെയിൽ: 48,480-85,920 രൂപ. തസ്തികകളും ഒഴിവും
അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ-310, എച്ച്ആർ/ പേഴ്സണൽ ഓഫീസർ-10, ഐടി ഓഫീസർ-203, ലോ ഓഫീസർ-56, മാർക്കറ്റിംഗ് ഓഫീസർ-350, രാജ്ഭാഷാ അധികാരി-78. ഓരോ ബാങ്കിലെയും തസ്തിക തിരിച്ചുള്ള ഒഴിവുകളും സംവരണവും വെബ് സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.
ശമ്പളസ്കെയിൽ: 48,480-85,920 രൂപ. പ്രായം: 01.07.2025-ന് 20-30 വയസ്. ഉദ്യോഗാർഥികൾ 02.07.1995ന് മുന്പോ 01.07.2005ന് ശേഷമോ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കരുത്. ഉയർന്ന പ്രായപരിധിയിൽ എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും.
യോഗ്യത: ഐടി ഓഫീസർ: നാലു വർഷത്തെ എൻജിനിയറിംഗ്/ ടെക്നോളജി ബിരുദം (കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഐടി/ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് /ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ),
അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി (ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ടുമെന്റേഷൻ/കംപ്യൂട്ടർ സയൻസ്/ ഐടി/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്). അല്ലെങ്കിൽ ബിരുദവും DOEACC ‘B’ ലെവലും.
അഗ്രികൾച്ചറൽ ഫീൽഡ്ഓഫീസർ: നാലുവർഷത്തെ ബിരുദം (അഗ്രികൾച്ചർ ഹോട്ടികൾച്ചർ അനിമൽ ഹസ്ബെൻഡറി/ വെറ്ററിനറി സയൻസ്/ഡെയറി സയൻസ്/ ഫിഷറീസ് സയൻസ് പിസികൾച്ചർ/ അഗ്രി മാർക്കറ്റിംഗ് ആൻഡ് കോ-ഓപ്പറേഷൻ/കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ് /അഗ്രോ ഫോറസ്ട്രി / ഫോറസ്ട്രി/ അഗ്രി കൾച്ചറൽ ബയോടെക്നോളജി) /ബിടെക് (ബയോടെക്നോളജി/ഫുഡ് സയൻസ്/ അഗ്രികൾച്ചർ ബിസിനസ് മാനേജ്മെന്റ്/ഫുഡ് ടെക്നോളജി/ ഡയറി ടെക്നോളജി/ അഗ്രികൾച്ചറൽ എൻജിനിയറിംഗ്/ സെറികൾച്ചർ/ഫിഷറീസ് എൻജിനിയറിംഗ്).
രാജ്ഭാഷ അധികാരി: ഇംഗ്ലീഷ് ഉൾപ്പെട്ട ബിരുദവും ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും അല്ലെങ്കിൽ ഹിന്ദിയും ഇംഗ്ലീഷും ഉൾപ്പെട്ട ബിരുദവും സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദവും.
ലോ ഓഫീസർ: എൽഎൽബി, അഭിഭാഷകനായി ബാർ കൗൺസിലിൽ എൻറോൾ ചെയ്തിരിക്കണം. എച്ച്ആർ/ പേഴ്സണൽ ഓഫീസർ: ബിരുദവും പേഴ്സണൽ മാനേജ്മെന്റ്/ ഇൻഡസ്ട്രിയൽ റിലേഷൻസ്/ എച്ച്ആർ/എച്ച്ആർഡി/ സോഷ്യൽ വർക്ക്/ ലേബർ ലോയിൽ ദ്വിവത്സര ഫുൾടൈം പിജി ഡിഗ്രി/ ഡിപ്ലോമയും.
മാർക്കറ്റിംഗ് ഓഫീസർ: ബിരുദവും ദ്വിവത്സര ഫുൾടൈം എംഎംഎസ് (മാർക്കറ്റിംഗ്)/എംബിഎ (മാർക്കറ്റിംഗ്)/ പിജിഡിബിഎ/ പിജിഡിബിഎം/ പിജിഡിപിഎം/പിജിഡിഎമ്മും.
ഫീസ്: എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർ 175 രൂപയും മറ്റുള്ളവർക്ക് 850 രൂപയും (ജിഎസ്ടി ഉൾപ്പെടെ). ഓൺലൈനായി അടയ്ക്കണം.
പരീക്ഷ: പ്രിലിമിനറി, മെയിൻ പരീക്ഷകൾ ഓൺലൈനായാണ് നടത്തുക. പരീക്ഷകളുടെ സിലബസ് വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.
പരീക്ഷാകേന്ദ്രങ്ങൾ: പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്ത പുരം, തൃശൂർ എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും കേന്ദ്രമുണ്ടാവും. മെയിൻ പരീക്ഷയ്ക്ക് കൊച്ചി, തിരുവനന്തപുരം, കവരത്തി എന്നിവിടങ്ങളിൽ കേന്ദ്രമുണ്ടാവും.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിജ്ഞാപനവും അപേക്ഷിക്കുന്നതിനുള്ള ലിങ്കും www.ibps.in - ൽ ലഭിക്കും. ഫോട്ടോ, ഒപ്പ്, ഇടതുകൈയിലെ വിരലടയാളം, സ്വന്തം കൈപ്പടയിലെഴു തിയ പ്രസ്താവന, പത്താംക്ലാസ് സർ ട്ടിഫിക്കറ്റ് എന്നിവയും വിജ്ഞാപ നത്തിൽ നിർദേശിച്ചിട്ടുള്ള മറ്റു രേഖകളും നിർദിഷ്ട മാതൃകയിൽ അപ്ലോഡ് ചെയ്യണം.
അവസാന തീയതി: ജൂലൈ 21. WEBSITE:www.ibps.in