പൊതുമേഖലാ ബാങ്ക് ആയ ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 2500 ഒഴിവുണ്ട്. ഇതിൽ 50 ഒഴിവ് കേരളത്തിലാണ്.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷയിൽ പ്രാവീണ്യമുണ്ടാവണം. അപേക്ഷ സമർപ്പിക്കുന്ന സംസ്ഥാനത്തെ ഓഫീസ്/ബ്രാഞ്ചുകളിലാണ് നിയമനം.
കേരളത്തിലെ ഒഴിവുകൾ: ജനറൽ -22, ഇഡബ്ല്യുഎസ്-5, ഒബിസി-13, എസ്ടി-3, എസ്സി-7.
ശമ്പളം: 48450-85920 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം (ഇന്റഗ്രേറ്റഡ് ദ്വിവത്സര ബിരുദം ഉൾപ്പെടെ)/സിഎ/കോസ്റ്റ് അക്കൗണ്ട്/എൻജിനിയറിംഗ് ബിരുദം/മെഡിക്കൽ ബിരുദം, കൊമേഴ്സ്യൽ/റീജണൽ റൂറൽ ബാങ്കുകളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുണ്ടാവണം.
പ്രായം: 21-30. ഉയർന്ന പ്രായപരിധിയിൽ ഭിന്നശേഷിക്കാർക്ക് 10 വർഷവും (ഒബിസി-13, എസ്സി/എസ്ടി-15) എസ്സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചു വർഷവും ഒബിസി (എൻസിഎൽ) വിഭാഗക്കാർക്ക് മൂന്നുവർഷവും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്ക് സേവനകാലയളവ് പരിഗണിച്ചാണ് പ്രായപരിധിയിൽ ഇളവ് ലഭിക്കുക.
തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയാണ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം. ഇംഗ്ലീഷ് ഭാഷ, ബാങ്കിംഗ് പരിജ്ഞാനം, ജനറൽ/ഇക്കണോമിക് പരിജ്ഞാനം, റീസണിംഗ് എബിലിറ്റി ആൻഡ് ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയെ ആസ്പദമാക്കി ആകെ 120 ചോദ്യങ്ങളുണ്ടാവും.
രണ്ടു മണിക്കൂറാണ് പരീക്ഷാസമയം. ശരിയുത്തരത്തിന് ഒരു മാർക്ക് വീതവും തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ .
കേരളത്തിൽ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ. ഓൺലൈൻ പരീക്ഷയിൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് പ്രാദേശികഭാഷയിലുള്ള പ്രാവീണ്യം തെളിയിക്കുന്നതിനുള്ള പരിശോധന, ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവ നടത്തിയാവും അന്തിമമായ തെരഞ്ഞെടുപ്പ്.
പത്താംക്ലാസിലോ പ്ലസ്ടുവിലോ പ്രാദേശിക ഭാഷ (കേരളത്തിൽ മലയാളം) പഠിച്ചിട്ടില്ലാത്തവർ പ്രാദേശികഭാഷാ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള പരിശോധനയെ അഭിമുഖീകരിക്കണം. പ്രാദേശികഭാഷ പഠിച്ചവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ/മാർക്ക്ഷീറ്റ് ഹാജരാക്കിയാൽ മതിയാവും.