കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കുള്ള നോൺ ടെക്നിക്കൽ ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സ് ഉൾപ്പെടെ വിവിധ സൈനിക വിഭാഗങ്ങളിൽ 453 ഒഴിവുണ്ട്. ജൂൺ 17 വരെ ഓൺലൈനിൽ അപേക്ഷിക്കാം. സെപ്റ്റംബർ 14 നാണു പരീക്ഷ.
കോഴ്സ്, ഒഴിവ്, പ്രായം, യോഗ്യത:
ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ 161-ാം കോഴ്സ് (100 ഒഴിവ്-എൻസിസി സി സർട്ടിഫിക്കറ്റ് (ആർമി വിംഗ്) ഉള്ളവർക്കു നീക്കിവച്ച 13 ഒഴിവ് ഉൾപ്പെടെ): അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം. 2002 ജൂലൈ രണ്ടിനു മുന്പും 2007 ജൂലൈ ഒന്നിനുശേഷവും ജനിച്ചവരാകരുത്. യോഗ്യത: ബിരുദം/തത്തുല്യം.
നേവൽ അക്കാദമി, ഏഴിമല: എക്സിക്യൂട്ടീവ്-ജനറൽ സർവീസ്/ഹൈഡ്രോ (26 ഒഴിവ്-നേവൽ വിംഗിലെ എൻസിസി സി സർട്ടിഫിക്കറ്റുകാർക്കുള്ള 6 ഒഴിവ് ഉൾപ്പെടെ): അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 2002 ജൂലൈ രണ്ടിനു മുൻപും 2007 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: എൻജിനിയറിംഗ് ബിരുദം.
എയർ ഫോഴ്സ് അക്കാദമി, ഹൈദരാബാദ്: 220 (എഫ് (പി) കോഴ്സ്-പ്രീഫ്ലൈയിംഗ് (32 ഒഴിവ്-എൻസിസി സി സർട്ടിഫിക്കറ്റ് (എയർ വിംഗ്) ഉള്ളവർക്കായി നീക്കിവച്ച 3 ഒഴിവ് ഉൾപ്പെടെ): പ്രായം: 20-24 (2002 ജൂലൈ രണ്ടിനു മുന്പും 2006 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്). കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് 26 വയസുവരെയാകാം. 25ൽ താഴെ പ്രായമുള്ള അപേക്ഷകർ അവിവാഹിതരായിരിക്കണം.
യോഗ്യത: ബിരുദം (പ്ലസ് ടുവിനു ഫിസിക്സും മാത്സും പഠിച്ചവരാകണം) അല്ലെങ്കിൽ എൻജിനിയറിംഗ് ബിരുദം. ഈ മൂന്നു കോഴ്സുകളും 2026 ജൂലൈയിൽ തുടങ്ങും. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി, ചെന്നെെ-പുരുഷൻമാർക്കുള്ള 124-ാം എസ്എസ്സി കോഴ്സ് (276 ഒഴിവ്): അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 2001 ജൂലൈ രണ്ടിനു മുൻപും 2007 ജൂലൈ ഒന്നിനുശേഷവും ജനിച്ചവരാകരുത്. യോഗ്യത: ബിരുദം/തത്തുല്യം.
ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി, ചെന്നൈ-124-ാം എസ്എസ്സി (വിമൻ) (നോൺ ടെക്നിക്കൽ) കോഴ്സ് (19 ഒഴിവ്): അവിവാഹിതരായ സ്ത്രീകൾ അപേക്ഷിക്കുക. 2001 ജൂലൈ രണ്ടിനു മുൻപും 2007 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. ബാധ്യതകളില്ലാത്ത വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും അപേക്ഷിക്കാം. യോഗ്യത: ബിരുദം/തത്തുല്യം.
ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലെ രണ്ടു കോഴ്സും 2026 ഒക്ടോബറിൽ തുടങ്ങും. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലെ ഷോർട്ട് സർവീസ് കമ്മീഷനിലേക്കു മാത്രമേ സ്ത്രീകളെ പരിഗണിക്കൂ. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും.
ഇന്ത്യൻ മിലിറ്ററി അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കും അപേക്ഷിക്കുന്ന അവസാനവർഷ വിദ്യാർഥികൾ 2026 ജൂലൈ ഒന്നിനു മുൻപും എയർ ഫോഴ്സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2026 മേയ് 13നു മുൻപും ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2026 ഒക്ടോബർ ഒന്നിനു മുൻപും യോഗ്യതാ രേഖ സമർപ്പിക്കണം.
പരീക്ഷാകേന്ദ്രം: സെപ്റ്റംബർ 14നു നടത്തുന്ന എഴുത്തുപരീക്ഷയ്ക്കു കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും കേന്ദ്രമുണ്ട്. അപേക്ഷാഫീസ്: 200 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കാം. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല.
നിശ്ചിത ശാരീരിക യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകർ. www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ശാരീരിക യോഗ്യതകളും സിലബസും അടക്കമുള്ള വിജ്ഞാപനം www.upsc.gov. in എന്ന സൈറ്റിൽ.