പ്രതീകാത്മക ചിത്രം
അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സാന്പത്തിക കുറ്റാന്വേഷണ വിഭാഗം?
കൊച്ചി: വ്യാജരേഖ ചമച്ച് 32 കോടി രൂപയുടെ ഭവനവായ്പയെടുത്ത കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സൂചന. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസന്വേഷിക്കുക. ഇതു സംബന്ധിച്ച ഉത്തരവ് ഉടനെ പുറത്തിറങ്ങുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ത്യന്‍ ബാങ്കിന്റെ എംജി റോഡ് ശാഖാ മാനേജരുടെ പരാതിയില്‍ മൂന്ന് കേസുകളാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഇതു വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിദേശ എംബസികളുടെ പേരിലുള്ള വ്യാജ എംപ്ലോയ്മെന്റ് സര്‍ട്ടിഫിക്കറ്റും റസിഡന്റ്സ് സര്‍ട്ടിഫിക്കറ്റും നല്കി കബളിപ്പിച്ച് പലഘട്ടങ്ങളിലായാണ് ബാങ്കിന്റെ എന്‍ആര്‍ഐ സെക്ടര്‍ ഹൗസിംഗ് വായ്പയാണ് ഇവര്‍ നേടിയെടുത്തത്. കൊച്ചിയിലുള്ള സ്വകാര്യ സാമ്പത്തിക ഇടപാട് സ്ഥാപന എംഡി മിഥുന് മൈക്കിൾ മാനുവല്‍, ഡയറക്ടര്‍ മേബിള്‍ മേരി എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഇവര്‍ മറ്റു പ്രതികളുമായി ചേര്‍ന്ന് വ്യാജരേഖകള്‍ ഉപയോഗിച്ചാണ് വായ്പയെടുത്തത്. രണ്ടും മൂന്നും പ്രതികള്‍ ഓരോ വായ്പയിലും രണ്ടുവീതം ആളുകളെ ചേര്‍ത്താണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. ഇത്തരത്തില്‍ 25 പേരെ ഉപയോഗിച്ച് 12 വായ്പകള്‍ എടുത്തു. മിഥുനും മേബിൾ മേരിയും ഉൾപ്പെടെ 27 പേരാണ് നിലവിൽ കേസിലെ പ്രതികൾ. പ്രതികൾ കൂടുതൽ ബാങ്കുകളിൽ നിന്ന് ഇത്തരത്തിൽ ലോൺ എടുത്തിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്.
50 ലക്ഷം രൂപമുതല്‍ 3.30 കോടി രൂപവരെ മൂല്യം വരുന്നതാണ് ഓരോ വായ്പകളും. നേരത്തേ കേസെടുത്ത പോലീസ്, കമ്പനി പ്രതിനിധികളെയും മറ്റു നാലുപേരെയും ആദ്യം പ്രതികളാക്കിയിരുന്നു. തുടരന്വേഷണത്തിലാണ് കൂടുതൽ പേരുടെ പങ്ക് തെളിഞ്ഞത്.
പ്രതികളുടെ പാസ്പോര്‍ട്ട്, സാലറി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ റിയാദ്, മസ്കറ്റ്, ദോഹ എന്നിവിടങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുടെ പേരിലുള്ള വ്യാജ അറ്റസ്റ്റേഷന് രേഖകളാണ് സമര്‍പ്പിച്ചത്. വായ്പയെടുത്തശേഷം അടവ് മുടക്കി. ഇത് ബാങ്കിന് വന്‍ നഷ്ടമുണ്ടാക്കി. സമര്‍പ്പിച്ച രേഖകള്‍ പലതും വ്യാജമാണെന്ന് തുടരന്വേഷണത്തിൽ വ്യക്തമായി. ഇതോടെ ബാങ്ക് അധികൃതര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.