കണ്ണൂർ: 2025 നവംബർ 27 മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ജില്ലയിൽ എക്സൈസ് പിടികൂടിയത് 7000 ലിറ്റർ സ്പിരിറ്റും 209 ലിറ്റർ വ്യാജ ചാരായവും 14175 ലിറ്റർ വാഷും. 3412 കോട്പ കേസുകളിലായി 6.81 ലക്ഷം രൂപ പിഴ ഈടാക്കി.ഈ കാലയളവിൽ 8068 റെയ്ഡുകളും 220 സംയുക്ത റെയ്ഡുകളും നടത്തി. 1086 പേരെ അബ്കാരി കേസുകളിൽ പ്രതി ചേർക്കുകയും 949 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നർകോട്ടിക് കേസുകളിൽ 570 പേരെ പ്രതി ചേർത്തതിൽ 559 പേർ അറസ്റ്റിലായി. 56 വാഹനങ്ങൾ കണ്ടുകെട്ടി.
ഈ കാലയളവിൽ 94.544 കിലോ കഞ്ചാവും 22 കഞ്ചാവ് ചെടികളും പിടികൂടി. ഹെറോയിൻ (9.3 ഗ്രാം), ബ്രൗൺഷുഗർ (17.57 ഗ്രാം), ഹാഷിഷ് (5.60 ഗ്രാം), ഹാഷിഷ് ഓയിൽ 623 ഗ്രാം), എം.ഡി.എം.എ (83.5 ഗ്രാം), മെത്താഫിറ്റമിൻ (257.3 ഗ്രാം), എൽ.എസ്.ഡി (0.015 ഗ്രാം), നൈട്രാസെപാം (7.5 ഗ്രാം) എന്നിങ്ങനെയാണ് പിടികൂടിയ രാസലഹരിയുടെ കണക്ക്. 1103 പേരെ ഡീ അഡിക്ഷൻ കേന്ദ്രത്തിൽ ഒപി വിഭാഗത്തിൽ ചികിത്സിക്കുകയും 56 പേരെ കിടത്തി ചികിൽസിക്കുകയും ചെയ്തു.
വ്യാജമദ്യവും അനധികൃത മദ്യക്കടത്തും തടയാനായി രൂപീകരിച്ച ജില്ലാതല ജനകീയ കമ്മിറ്റിയുടെ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ കെ.വി. ശ്രുതി അധ്യക്ഷത വഹിച്ചു. വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.എം. ശ്രീനിവാസൻ, തൊഴിലാളി സംഘടന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham Districtnews 559 people