സൗത്ത് കളമശേരി പോലീസ് സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചപ്പോൾ.
കളമശേരി: സൗത്ത് കളമശേരി പോലീസ് സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. പുക ഉയരുന്നത് കണ്ട് കാറിൽ നിന്ന് യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കില്ല.
ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. കോഴിക്കോട് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി പ്രശാന്തിന്റെ കാറാണ് കത്തിനശിച്ചത്. കാറിൽ പ്രശാന്തും ഭാര്യയും മകനുമാണ് ഉണ്ടായിരുന്നത്. വിനോദയാത്രയുടെ ഭാഗമായി കൊച്ചിയിലെത്തിയ ഇവർ ഇവിടെനിന്ന് സാധനങ്ങൾ വാങ്ങി കോഴിക്കോട്ടേക്ക് മടങ്ങവെയാണ് കാറിന് തീപിടിച്ചത്. കാർ ഓവർ ഹീറ്റായതാകാം തീപിടിക്കാൻ കാരണമെന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
കാറിൽനിന്ന് തീ സമീപത്തെ കടകളിലേക്കും പടർന്നു. കടയിലെ സാധനങ്ങളും കത്തിനശിച്ചു. മഞ്ഞുമ്മൽ ഭാഗത്തേക്കുള്ള റോഡിൽ ഒരു കിലോമീറ്ററോളം വാഹനങ്ങൾ കുരുക്കിൽപ്പെട്ടു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Tags : Local News Nattuvishesham Ernakulam