ഇരിങ്ങാലക്കുട: മാപ്രാണത്ത് കെഎസ്ഇബി അറ്റകുറ്റപ്പണി ജോലിക്കിടെ ലൈന്മാന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര അശ്രദ്ധയുണ്ടായെന്നാരോപിച്ച് പോലീസില്‍ പരാതി.
കരുവന്നൂര്‍ മേജര്‍ സെക്ഷനിലെ ലൈന്മാനായ ആറാട്ടുപുഴ സ്വദേശി മനോജ്(48) മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണംനടത്തി ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മൂര്‍ക്കനാട് സ്വദേശി അഡ്വ. പ്രമോദ് ഇരിങ്ങാലക്കുട പോലീസില്‍ പരാതിനല്‍കിയത്.
പരാതിയില്‍ പറയുന്നതനുസരിച്ച്, അപകടംനടന്ന വൈദ്യുതിക്കാലില്‍ സ്ഥാപിച്ചിരുന്ന ഓപ്പണ്‍ ബ്രേക്കര്‍ സ്വിച്ച് കൃത്യമായി പരിശോധിക്കുകയും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തിരുന്നില്ല. സ്വിച്ചിന്റെ ഇന്സുലേഷന് ഭാഗങ്ങള്നശിച്ച് തുരുമ്പെടുത്ത നിലയിലായിരുന്നുവെന്നും ഇത് അപകടസാധ്യത വര്ധിപ്പിച്ചിരുന്നുവെന്നുമാണ് ആരോപണം. സാധാരണയായി വൈദ്യുതി ലൈനുകളില്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് മുമ്പ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്.
ജോലിക്കായി പെര്മിറ്റെടുത്തശേഷം ബന്ധപ്പെട്ട ലൈനിലേക്കുള്ള വൈദ്യുതി വിതരണം സബ് സ്റ്റേഷനില്‍നിന്ന് പൂര്‍ണമായും വിച്ഛേദിക്കണം. തുടര്‍ന്ന് ഓപ്പണ്‍ ബ്രേക്കര്‍ സ്വിച്ച് ഓഫ് ചെയ്ത് വൈദ്യുതി പ്രവാഹം പൂര്‍ണമായും നിലച്ചതായി ഉറപ്പുവരുത്തുകയുംവേണം.
ഇതിനുശേഷമേ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ജീവനക്കാര്‍ വൈദ്യുതിക്കാലില്‍ കയറി അറ്റകുറ്റപ്പണികള്‍ നടത്താവൂ. എന്നാല്‍ ഈ നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചതാകാമെന്നാണ് പരാതിയിലുള്ളത്. സുരക്ഷാ സംവിധാനങ്ങള്‍ ശരിയായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മനോജിന്റെ ജീവന് രക്ഷിക്കാനാകുമായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അപകടത്തിന് കാരണമായ സാഹചര്യങ്ങള്‍, സുരക്ഷാ നടപടികള്‍ പാലിച്ചിരുന്നോയെന്നത്, ഉപകരണങ്ങളുടെ പരിപാലനത്തില്‍ വീഴ്ച ഉണ്ടായിരുന്നോയെന്നത് എന്നിവ അന്വേഷിക്കണമെന്നാണ് ആവശ്യം.
Tags : shock death Nattuvishesham Distric News