കൊരട്ടി: സംസ്ഥാനത്ത് ഷിഗെല്ല, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ സാംക്രമിക രോഗങ്ങളുടെ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പാക്കാൻ കൊരട്ടി ഗ്രാമപഞ്ചായത്തിന്റെയും നാലുകെട്ട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ഹോട്ടലുകളിലും കാറ്ററിംഗ് സെന്ററുകളിലും സംയുക്ത മിന്നൽ പരിശോധനനടത്തി.
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും മഴക്കാല രോഗവ്യാപനം തടയുന്നതിനുമായാണ് പരിശോധന ശക്തമാക്കിയത്. പരിശോധനയിൽ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതിരിക്കുകയും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയുംചെയ്ത രണ്ട് സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കി. ആവശ്യമായ നിർദേശങ്ങളും മുന്നറിയിപ്പും സ്ഥാപന ഉടമകൾക്ക് നൽകി.
ഭക്ഷ്യവസ്തുക്കളുടെ സൂക്ഷിപ്പ്, പാചക സ്ഥലങ്ങളിലെ ശുചിത്വം, മാലിന്യ നിർമാർജന സംവിധാനം, കുടിവെള്ളത്തിന്റെ സുരക്ഷ, തൊഴിലാളികളുടെ ഹെൽത്ത് കാർഡ് എന്നിവയും സംഘം വിലയിരുത്തി. രോഗവ്യാപന സാഹചര്യത്തിൽ പൊതുജനാരോഗ്യ സംരക്ഷണത്തിന് കൂടുതൽ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ടി.എസ്. മനോജിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ജീവനക്കാരായ കെ.കെ. ബിജു, പി.ഡി. ഷാജി, കെ.എസ്. സുഭാഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Tags : ; Lightning Nattuvishesham Distric News