പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ പാഴ്സല്‍ പായ്ക്ക് ചെയ്യുന്ന ജീവനക്കാരന്.
പാലാ: ഓണത്തിന്റെ ഗൃഹാതുരതയും കേരളത്തിന്റെ തനിമയും ലോകത്തിന്റെ വിവിധ കോണുകളിൽ എത്തിക്കുകയാണ് പാലാ ഹെഡ് പോസ്റ്റ് ഓഫീസ്. മലയാളികള്‍ ഓണാഘോഷത്തിനായി ഒരുങ്ങുമ്പോള്‍, കേരളത്തിന്റെ രുചിയും മണവും പാരമ്പര്യവും പാഴ്സലുകളായി പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ തിരക്കേറുന്നു.
കസവുസാരിയും മുണ്ടും മുതല്‍ കേരളീയ വസ്ത്രങ്ങളും വേഷവിധാനങ്ങളും നാടന്‍ ഉപ്പേരിയും ശര്‍ക്കരവരട്ടിയും കളിയടയ്ക്കയും ഉള്‍പ്പെടെ ഓണത്തിന്റെ രുചിയും സ്നേഹവും നിറച്ച നിരവധി പാഴ്സലുകളാണ് ദിവസേന പാലായില്‍നിന്ന് വിദേശരാജ്യങ്ങളിലേക്ക് യാത്രയാകുന്നത്. നാട്ടിലെ ഓണം പ്രിയപ്പെട്ടവരോടൊപ്പം എന്ന ആഗ്രഹവുമായി നിരവധിപ്പേരാണ് തപാല്‍ സേവനത്തെ ആശ്രയിക്കുന്നത്.
കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി പാഴ്സലുകള്‍ സ്വദേശത്തേക്കും വിദേശത്തേക്കും അയയ്ക്കാമെന്നതാണ് പാലാ ഹെഡ് പോസ്റ്റ് ഓഫീസിന്റെ പ്രധാന ആകര്‍ഷണം. സാധനങ്ങള്‍ സുരക്ഷിതമായി പായ്ക്ക് ചെയ്യുന്നതിനുള്ള പ്രത്യേക പാക്കിംഗ് സൗകര്യവും 9495849062, 04822 212239 എന്നീ ഹെല്പ് ലൈന്‍ നമ്പറുകളും ഒരുക്കിയിട്ടുണ്ട്.
ഓണക്കാലത്തെ തിരക്ക് മുന്‍കൂട്ടിക്കണ്ട് പ്രത്യേക പാഴ്സല്‍ പാക്കിംഗ് കൗണ്ടറും ബുക്കിംഗ് കൗണ്ടറും പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാലു വരെ പ്രവര്‍ത്തിക്കുന്ന കൗണ്ടറിലൂടെ യുഎസ്, കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ വിവിധ രാജ്യങ്ങളിലേക്കാണ് പ്രധാനമായും പാഴ്സലുകള്‍ അയയ്ക്കുന്നത്.
ലോകമെമ്പാടുമുള്ള 196 രാജ്യങ്ങളിലേക്ക് പാഴ്സലുകള്‍ അയയ്ക്കുന്നതിനുള്ള സൗകര്യവും രണ്ട് കിലോഗ്രാമില്‍ താഴെയുള്ള പാഴ്സലുകള്‍ കുറഞ്ഞ ചെലവില്‍ വിദേശത്തേക്ക് അയയ്ക്കുന്നതിനും അന്താരാഷ്ട്ര തലത്തില്‍ ട്രാക്ക് ചെയ്യാവുന്ന പാക്കറ്റ് സംവിധാനവും പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ ലഭ്യമാണെന്ന് പോസ്റ്റ് മാസ്റ്റര്‍ എം. എസ്. രഞ്ജിത്ത് പറഞ്ഞു.
Tags : NattuVishesham DistricteNews