നരയമ്പാറയിൽ ബുള്ളറ്റിൽ കാറിടിച്ചു കയറിയ നിലയിൽ.
ചാവശേരി: നരയമ്പാറയിൽ വാഹനാപകടത്തിൽ രണ്ടു പേർക്കു പരിക്ക്. കൂരൻമുക്കിൽ നിന്ന് ഉളിയിൽ ഭാഗത്തേക്ക് പോകുകയായിരുന്ന ക്രെറ്റ കാർ ഇരിട്ടി ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ആൾട്ടോ കാറിലും ഇരിട്ടി ഭാഗത്ത് നിന്നു മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റ് ബൈക്കിലും ഇടിച്ചായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ആൾട്ടോ കാർ റോഡരികിലെ വീട്ടുമതിലിലും ഇടിച്ചു. ബുള്ളറ്റ് യാത്രക്കാരായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിടിച്ച് എം.പി. അബ്ദുള്ളയുടെ വീടിന്റെ മുൻ ഭാഗത്തെ മതിൽ തകർന്നു. അപകടത്തിൽ ഇരു കാറുകളും ബുള്ളറ്റും തകർന്നു.
മട്ടന്നൂർ പൊലിസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നു നീക്കി. മട്ടന്നൂർ-ഇരിട്ടി റോഡിലെ നരയമ്പാറയിൽ വാഹനാപകടങ്ങൾ പതിവാകുമ്പോഴും പൊതുമരാമത്തിന്റെ ഭാഗത്ത് നിന്നും അപകടം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുന്നില്ല. കഴിഞ്ഞമാസം കൂരൻമുക്കിൽ ബൈക്കിൽ ബസിടിച്ച് അച്ഛനും മകനും മരിച്ച ശേഷം ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു.
Tags : NattuVishesham DistricteNews