പ്രതീകാത്മക ചിത്രം
കോന്നി: മഴ പെയ്തു തോർന്ന കാടിന്റെ പച്ചപ്പും തണുത്ത കാറ്റുമേറ്റ് കല്ലേലി - അച്ചൻകോവിൽ വനപാതയിലൂടെയുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും മനംകുളിർപ്പിക്കുന്ന ഒന്നാണ്. എന്നാൽ, പ്രകൃതിഭംഗി ആസ്വദിച്ചുപോകുന്ന യാത്രികർക്ക് ഒരു മുന്നറിയിപ്പ് - വഴിയിൽ ആനയുണ്ട്, സൂക്ഷിക്കുക.
കല്ലേലി മുതൽ അച്ചൻകോവിൽ വരെയുള്ള 40 കിലോമീറ്റർ നീളുന്ന ഈ വനപാതയിൽ ഇപ്പോൾ കാട്ടാനകളുടെ സാന്നിധ്യം വൻതോതിൽ വർധിച്ചിരിക്കുകയാണ്. പാതയ്ക്ക് സമാന്തരമായി ഒഴുകുന്ന അച്ചൻകോവിലാറ്റിലേക്ക് കൂട്ടത്തോടെ വെള്ളം കുടിക്കാനും കുളിക്കാനും ഇറങ്ങുന്ന ആനക്കൂട്ടം സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞു.
വളവുകളിൽ ഒളിച്ചിരിക്കുന്നഅപകടങ്ങൾ
കോന്നി വനംഡിവിഷനിലെ മണ്ണാറപ്പാറ, നടുവത്തുമൂഴി റേഞ്ചുകളിലൂടെ കടന്നുപോകുന്ന ഈ പാതയിൽ കാട്ടാനകൾ മാത്രമല്ല കാട്ടുപോത്ത്, കരടി, കടുവ, മ്ലാവ്, കേഴ, പുലി എന്നിവയുടെയൊക്കെ സാന്നിധ്യമുണ്ട്.
മഴ ആരംഭിച്ചതോടെ റോഡരികിൽ പുല്ലും കാടും പടർന്നു പന്തലിച്ചുനിൽക്കുകയാണ്. അതുകൊണ്ടുതന്നെ, വനപാതയിലെ കൊടുംവളവുകളിൽ നിൽക്കുന്ന ആനക്കൂട്ടത്തെ ദൂരെനിന്ന് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല.
ചെന്പനരുവി ഭാഗത്ത് മുന്പ് കാട്ടാനയുടെ ആക്രമണം യാത്രക്കാർക്കു നേരേയുണ്ടായതാണ്. പല ബൈക്ക് യാത്രക്കാരും അദ്ഭുതകരമായാണ് ആനയുടെ മുന്നിൽനിന്നു രക്ഷപ്പെട്ടിട്ടുള്ളത്. ആവണിപ്പാറ ആദിവാസി കോളനിയിലെ നിവാസികളും അവിടേക്ക് പോകുന്ന വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഭീതിയോടെയാണ് ഈ പാതയിലൂടെ കടന്നുപോകുന്നത്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
വനപാതയിലൂടെയുള്ള യാത്രയ്ക്കിടയിൽ വാഹനത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാലോ മറ്റ് അത്യാഹിതങ്ങൾ ഉണ്ടായാലോ പുറംലോകവുമായി ബന്ധപ്പെടാൻ മൊബൈൽ റേഞ്ച് പോലും ലഭിക്കില്ല. കല്ലേലിയിലെ ചെക്ക് പോസ്റ്റിൽനിന്ന് വനം വകുപ്പിന്റെ കൃത്യമായ അനുമതിയോടെ മാത്രമേ യാത്ര അനുവദിക്കൂ. യാത്രികരുടെ സുരക്ഷയ്ക്കായി അച്ചൻകോവിൽ ചെമ്പനരുവി ഭാഗത്ത് പുതിയൊരു ചെക്ക് പോസ്റ്റുകൂടി സ്ഥാപിക്കാൻ വനം വന്യജീവി വകുപ്പ് ഒരുങ്ങുകയാണ്.
യാത്ര ചെയ്യുന്നവർ റോഡരികിൽ കാട്ടാനകളെ കണ്ടാൽ വണ്ടിനിർത്തി ഫോട്ടോ എടുക്കാനോ, അവയുടെ അടുത്തേക്ക് പോകാനോ ശ്രമിക്കുന്നത് ആത്മഹത്യാപരമാണ്.
വനംവകുപ്പിന്റെ നിർദേശം
മഴക്കാലത്തെ കാടിന്റെ ഭംഗി ആസ്വദിക്കാൻ ഈ വനപാത മികച്ചതാണെങ്കിലും രാത്രികാലങ്ങളിലുള്ള യാത്ര പൂർണമായും ഒഴിവാക്കുക.ഓരോ വളവിലും ആനയുണ്ടോ എന്ന് ഉപ്പുവരുത്തി മാത്രം വാഹനങ്ങൾ മുന്നോട്ട് എടുക്കുകയാണ് വേണ്ടത്.
Tags : Nattuvishesham LocalNews Elephant