പാലോട്: പശ്ചിമഘട്ടത്തിൽ നിന്നും പുതിയ സസ്യവർഗത്തെ കണ്ടെത്തി ഗവേഷകർ. പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡനിലെ ഡോ. ഇ.എസ്. സന്തോ ഷ് കുമാർ, ഡോ.ടി സാബു, എസ്.എം. ഷെരീഫ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പുതിയ സസ്യത്തെ ശാസ്ത്രീയമായ അപഗ്രഥനംനടത്തി ശാസ്ത്രലോകത്തിനു സമ്മാനിച്ചത്.
പുതിയ സസ്യത്തിന് ഹംബോൾട്ടിയ നായരിയാന എന്നാണ് പേരിട്ടിരിക്കുന്നത്. അഗസ്ത്യമല ബയോസ്ഫിയർ റിസർവിന്റെ ഭാഗമായ ചെന്തുരുണി വന്യജീവി സങ്കേതത്തിലെ നിത്യഹരിത വനങ്ങളിൽനിന്നാണ് കണ്ടെത്തിയത്. ഹം ബോള്ട്ടിയ ജനുസിലെ മറ്റു ചെടികളിൽനിന്നും വിഭിന്നമായി തായ് തടിയിലും ഇലകളിലും പൂക്കളിലും കായ്കളിലുമുള്ള ഘടനാപരമായ സവിശേഷതകളുടെ അടിസ്ഥാനത്തിലാണ് ഈ സസ്യം വ്യത്യസ്തമാണെന്നു ഗവേഷകർ സ്ഥിരീകരിച്ചത്.
കേരളത്തിലെ പ്രശസ്തനായ സസ്യശാസ്ത്രജ്ഞനും അധ്യാപകനും ബോട്ടാണിക്കൽ ഗാർഡൻ മുൻ ഡയറക്ടമായ ജി.എം. നായരുടെ സസ്യശാസ്ത്രത്തിനും ജൈവ വൈവിധ്യ സംരക്ഷണത്തിനുള്ള വിലപ്പെട്ട സംഭാവനകളെ ആദരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ എഴുപത്തിയഞ്ചാം ജന്മ വാർഷിക സമ്മാനമായാണ് പുതിയ ചെടിക്ക് ഹം ബോൾട്ടിയ നായരിയാന എന്ന നാമകരണം ചെയ്തിരിക്കുന്നത്.
ലോകത്തിൽ തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും മാത്രമായി കാണപ്പെടുന്ന ഹംബോൾട്ടിയ വർഗത്തിൽ 11 ജൈവ ജാതികളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയിൽ ശ്രീലങ്കയിൽ കാണുന്ന ഒരു സ്പീഷീസ് ഒഴികെ മറ്റുള്ളവ ഇന്ത്യയിലാണ്. ഇവയെല്ലാം കടുത്ത വംശനാശ ഭീഷണി നേരിടുന്നവയുമാണ്. പുതിയ സസ്യത്തിന്റെ കണ്ടെത്തൽ പശ്ചിമഘട്ടത്തിലെ സസ്യസമ്പത്ത് ഇപ്പോഴും പൂർണമായി രേഖപ്പെടുത്തിയിട്ടില്ലെന്നും ഇതു ഭാവിയിൽ കൂടുതൽ ഗവേഷണങ്ങൾക്കുള്ള സാധ്യതയുണ്ടെന്നും തെളിയിക്കുന്നു.