മുട്ടട ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപം പ്രിമോ പൈപ്പ് പൊട്ടി ജലം പാഴാകുന്നു.
പേരൂര്‍ക്കട: മുട്ടട-പരുത്തിപ്പാറ റോഡില്‍ ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിനു മുന്‍വശം പൊട്ടിയത് 900 എംഎം പ്രിമോ പൈപ്പാണെന്നു വാട്ടര്‍അഥോറിറ്റി സ്ഥിരീകരിച്ചു. രണ്ടുദിവസം മുമ്പാണ് പൈപ്പില്‍ ചോര്‍ച്ചയുണ്ടാകുകയും ഇന്നലെ മുതല്‍ ശക്തമായ തോതില്‍ വെള്ളം പുറത്തേക്കൊഴുകുകയും ചെയ്തത്. റോഡിന്റെ നടുവിലാണ് ടാറിളക്കിജലം കവിഞ്ഞൊഴുകാന്‍ തുടങ്ങിയത്.
പൈപ്പ് പൊട്ടിയ ഭാഗത്ത് കുഴി രൂപപ്പെട്ടിട്ടുണ്ട്. ഇന്നലെ രാവിലെ എട്ടുമുതൽ 11 മണിവരെ ഏകദേശം 20 വാഹനങ്ങളാണ് കുഴിയില്‍ വീണത്. വെള്ളം നിറഞ്ഞുകിടന്ന കുഴിയിൽവീണ് ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്കും നിയന്ത്രണം തെറ്റുകയായിരുന്നു. റോഡാകെ വെള്ളം പരന്നൊഴുകുന്നതിനാല്‍ വാഹനഗതാഗതത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്.
പേരൂര്‍ക്കട ടാങ്കില്‍നിന്ന് അമ്പലമുക്ക്-പരുത്തിപ്പാറ വഴി മണ്‍വിളയിലേക്ക് ജലമെത്തിക്കുന്ന ഡയറക്ട് 900 എംഎം പ്രിമോ പൈപ്പാണ് പൊട്ടിയൊഴുകുന്നത്. തറനിരപ്പില്‍നിന്ന് ഏകദേശം രണ്ടാള് താഴ്ചയിലാണ് പ്രിമോപൈപ്പ് കടന്നുപോകുന്നത്. ജെസിബി ഉപയോഗിച്ച് കുഴിച്ചാല്‍ മാത്രമേ പൊട്ടിയ പൈപ്പ് കണ്ടെത്താനും അറ്റകുറ്റപ്പണി നടത്താനും സാധിക്കൂ. ഏറെ വാഹനത്തിരക്കുള്ളതിനാല്‍ വരുംദിവസങ്ങളില്‍ അറ്റകുറ്റപ്പണിക്കു സാധ്യതയില്ലെന്ന് വാട്ടര്‍ അഥോറിറ്റി സൂചിപ്പിച്ചു.
എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച അറ്റകുറ്റപ്പണി നടത്താമായിരുന്നിട്ടുകൂടി അഥോറിറ്റി അതു ചെയ്തതുമില്ല. റോഡിലൂടെ പരന്നൊഴുകുന്ന ജലം ഓടയിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്. തൊട്ടടുത്തുള്ള വീടിന്റെ പരിസരത്തും വെള്ളം കയറിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ രണ്ടുതവണ ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിനുസമീപം പ്രിമോ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം നിലച്ചിരുന്നു.
കിലോമീറ്ററുകള്‍ നീളുന്ന കാലാവധി കഴിഞ്ഞ പ്രിമോ പൈപ്പുകള്‍ പൂര്‍ണമായും മാറ്റിസ്ഥാപിക്കുന്ന കാര്യത്തില്‍ വാട്ടര്‍ അഥോറിറ്റി നിസംഗത പുലര്‍ത്തുകയാണ്. അറ്റകുറ്റപ്പണി ആരംഭിക്കുന്നപക്ഷം വലിയൊരു പ്രദേശത്ത് കുടിവെള്ളപ്രശ്നം ഉണ്ടാകുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. എത്രയും വേഗം പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തുമെന്ന് വാട്ടര്‍ അഥോറിറ്റി തിരുവനന്തപുരം ജില്ലാ സൂപ്രണ്ടിംഗ് എന്‍ജിനിയർ അറിയിച്ചു.