ടെഹ്റാൻ: ഇറാനിയൻ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ തിരിച്ചടിച്ച് ഇറാൻ. ബഹ്റൈൻ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിലായുള്ള അമേരിക്കയുടെ 21 കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ഇറാന്റെ പ്രത്യാക്രമണം.
ബഹ്റൈനിലെ ഫിഫ്ത്ത് ഫ്ലീറ്റ് താവളം ഇറാൻ ആക്രമിച്ചു. ഇറാന്റെ ആക്രമണമുണ്ടായെന്ന് കുവൈത്തും സ്ഥിരീകരിച്ചു. ജോർദാനിൽ അമേരിക്കയുടെ എഫ് 35 ഫൈറ്റർ ജെറ്റ് ഹാങ്ങർ ഇറാൻ ലക്ഷ്യം വച്ചു. യുഎസിന്റെ ഒരു എംക്യു 9 ഡ്രോൺ തകർത്തു എന്നും ഇറാൻ അവകാശപ്പെട്ടു.
ബഹ്റൈനിൽ ഇന്ന് രണ്ടുതവണ മുന്നറിയിപ്പ് സൈറണ് മുഴങ്ങി. സുരക്ഷിത സ്ഥാനങ്ങളിൽ തുടരാനാണ് നൽകിയിരിക്കുന്ന നിർദേശം. അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാൻ കുവൈത്ത് സേന ആവശ്യപ്പെട്ടു. ജോർദാനിലെ വ്യോമതാവളത്തിലെ എഫ്-35 ഫൈറ്റർ ജെറ്റ് ഹാംഗറുകൾ, ഒരു കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയുൾപ്പെടെ ബേസിലെ നാല് നിർണായക ലക്ഷ്യങ്ങൾ മിസൈലുകൾ ആക്രമിച്ച് നശിപ്പിച്ചതായി ഇറാന്റെ ഐആർജിസി പുറത്തുവിട്ട പ്രസ്താവനയിൽ അവകാശപ്പെട്ടു.
തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഹെലികോപ്റ്റർ ഇറാൻ സൈന്യം വെടിവച്ചിട്ടതാണ് പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷത്തിന് തുടക്കമിട്ടത്. ഇതിന് പ്രതികാരമായാണ് ഇറാനിലെ തെക്കൻ ദ്വീപുകൾ ലക്ഷ്യമാക്കി യുഎസ് സെൻട്രൽ കമാൻഡ് ആക്രമണം നടത്തിയത്. സിരിക്കിലെ രണ്ട് ജലസംഭരണികൾ അമേരിക്ക തകർത്തതായും ഇറാൻ റിപ്പോർട്ട് ചെയ്തിരുന്നു.
Tags : iran strikes US military bases Middle East