വൈക്കം അട്ടാറ പാലത്തിനു സമീപം പുല്ല് വളർന്ന് നീരൊഴുക്കു തടസപ്പെട്ട നിലയിൽ.
വൈക്കം: വേമ്പനാട്ടുകായലിനെയും കരിയാറിനെയും ബന്ധിപ്പിക്കുന്ന പ്രദേശങ്ങളിൽ പോളയും പുല്ലും നിറഞ്ഞത് നീരൊഴുക്കിന് തടസമാകുന്നു. ശുദ്ധജല ലഭ്യത തടസപ്പെടുന്നതിനാൽ 5000 ഏക്കർ നെൽകൃഷിക്കും വിവിധ കൃഷികൾക്കും വെള്ളപ്പൊക്കം ഭീഷണിയാകുകയാണ്.
കരിയാറിലും വിവിധ ജലാശയങ്ങളിലും പോളയും പുല്ലും വൻതോതിൽ അടിഞ്ഞുകൂടിയത് നീക്കം ചെയ്യാത്തതാണ് വെള്ളപ്പൊക്കത്തിന് കാരണമാകുന്നതെന്ന് കർഷകർ പറയുന്നു. വർഷകാലത്ത് നെൽപ്പാടങ്ങളിലും ഉൾപ്രദേശങ്ങളിലും നിറയുന്ന അധിക ജലം കരിയാർ വഴി വേമ്പനാട്ടു കായലിലേക്കാണ് ഒഴുകുന്നത്. വളർന്നു പൊങ്ങിയ പുല്ലും പോളയും നീരൊഴുക്കിന് തടസം സൃഷ്ടിക്കുന്നതുമൂലം കൃഷിപ്പണികൾ നടത്താൻ കുന്നില്ലെന്ന് കർഷകർ പറയുന്നു. നെൽകൃഷി കൂടാതെ തെങ്ങ്, വാഴ, കപ്പ, ജാതി തുടങ്ങിയ വിളകൾക്കും വെള്ളപ്പൊക്കം നാശം വരുത്തുന്നു.
കരിയാറിൽ അടിഞ്ഞുകൂടിയ പോളയും പുല്ലും അടിയന്തിരമായി നീക്കം ചെയ്യാൻ സർക്കാർ തലത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ കൃഷി വൻനഷ്ടത്തിലാകുമെന്ന ആശങ്കയിലാണ് കർഷകർ.
Tags : Local News Nattuvishesham Kottayam