ഉളിക്കൽ പഞ്ചായത്തിൽ ചേർന്ന യോഗം
ഉളിക്കൽ: ഇരിക്കൂർ നിയോജക മണ്ഡലത്തിലെ പഞ്ചായത്ത്തല വികസന സദസിന്റെ ഭാഗമായി ഉളിക്കൽ പഞ്ചായത്തിൽ ചേർന്ന യോഗം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സംഘടിപ്പിക്കുന്ന വികസന സദസുകളുടെ ഭാഗമായാണ് ഉളിക്കലിലും യോഗം ചേർന്നത്. പഞ്ചായത്തിന്റെ വികസന ആവശ്യങ്ങളും ഭാവി പദ്ധതികളും സംബന്ധിച്ച് ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത് വിശദമായ ചർച്ച നടത്തി.
പഞ്ചായത്ത് സ്റ്റേഡിയം നിർമാണം പൂർത്തിയാക്കൽ, ബഡ്സ് സ്കൂൾ കൂടുതൽ സൗകര്യങ്ങളോടെ വികസിപ്പിക്കൽ, ഉളിക്കൽ ടൗൺ ബൈപാസ് നിർമാണം, ഉളിക്കൽ-ഇരിട്ടി റോഡ് ഉൾപ്പെടെയുള്ള പ്രധാന റോഡുകളുടെ വികസനവും സൗന്ദര്യവത്കരണവും, പുതിയ പാലങ്ങളുടെ നിർമാണം, ആരോഗ്യ മേഖലയിൽ കിടത്തി ചികിത്സാ സൗകര്യമൊരുക്കൽ, കൃഷി അധിഷ്ഠിത വ്യവസായങ്ങൾ ആരംഭിക്കൽ തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉയർന്നുവന്നു. ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച് കൂടുതൽ ചർച്ചകൾക്ക് ശേഷം വികസന പദ്ധതികൾക്ക് രൂപം നൽകുമെന്ന് എംഎൽഎ അറിയിച്ചു. ടൂറിസം മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്തി കാലാങ്കിക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സഹകരണത്തോടെ കൂടുതൽ വികസന പദ്ധതികൾ മണ്ഡലത്തിൽ നടപ്പാക്കാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ബേബി തോലാനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി ജോസഫ്, സ്ഥിരംസമിതി അധ്യക്ഷന്മാർ, പഞ്ചായത്തംഗങ്ങൾ, വിവിധ ജനപ്രതിനിധികൾ, പൊലീസ്, വനം, ആരോഗ്യം, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സ്കൂൾ-അങ്കണവാടി പ്രവർത്തകർ, ഹരിതകർമസേനാംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.