മുട്ടം: ജലവിതരണ പൈപ്പ് പൊട്ടി വീടിന്റെ സംരക്ഷണഭിത്തിയും റോഡും തകര്‍ന്നു. ഇതോടെ മുട്ടം പഞ്ചായത്തിലെ ജലവിതരണം പൂര്‍ണമായും നിലച്ചു. കൊല്ലംകുന്ന് വാട്ടര്‍ ടാങ്കില്‍നിന്നുള്ള ജലവിതരണ പൈപ്പ് മുട്ടം ഗവ.ആശുപത്രിക്കു സമീപത്താണ് പൊട്ടിയത്. സമീപത്ത് താമസിക്കുന്ന നടുവിലേമഠത്തില് ജയന്റെ വീടിന്റെ സംരക്ഷണഭിത്തിയും റോഡുമാണ് തകര്‍ന്നത്.
വീട്ടിലെ കിണറിലേക്ക് കല്ലും മണ്ണും പതിച്ചതിനാല്‍ ഇതും ഉപയോഗ ശൂന്യമായി. പൈപ്പ് പൊട്ടിയത് റോഡില്‍നിന്ന് 10 അടിയോളം താഴ്ചയിലാണ്. റോഡ് പൊളിച്ച ശേഷം ജലവിതരണ പൈപ്പിലെ തകരാര്‍ പരിഹരിച്ചെങ്കിലേ ജലവിതരണം പുനരാരംഭിക്കാനാകു. ഉടനെ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ജയന്റെ വീട്ടിലെ കിണര്‍ പൊതുമരാമത്ത് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വൃത്തിയാക്കി നല്കി. റോഡിനടിയിലെ മണ്ണ് ഒലിച്ചുപോയ നിലയിലായതിനാല്‍ ഇതുവഴിയുള്ള ഗതാഗതം തടഞ്ഞിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ടെസി സതീഷ്, പഞ്ചായത്തംഗങ്ങള്‍, വാട്ടര്‍ അഥോറിറ്റി ജീവനക്കാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.