ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം
കോഴിക്കോട്: ഇന്ത്യയുടെ സമ്പന്നമായ വൈജ്ഞാനിക, ബൗദ്ധിക, സാംസ്കാരിക പൈതൃകത്തെ കണ്ടെത്തുകയും സംരക്ഷിക്കുകയും പുതിയ തലമുറകളിലേയ്ക്ക് പകർന്നു നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ദേവഗിരി സെന്റ് ജോസഫ്സ് (ഓട്ടോണമസ്) കോളജിൽ ദേവപ്രജ്ഞ എന്ന പേരില്‍ സെന്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റംസ് ആൻഡ് റിസർച്ച്’ സെന്റർ പ്രവർത്തനമാരംഭിക്കുന്നു. പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി റോജി എം.ജോൺ നിർവഹിച്ചു.
ഭാരതീയ ജ്ഞാനത്തെ കേവലം അനുസ്മരിക്കുന്നതിനപ്പുറം അതിനെ പഠിക്കാനും അനുഭവിക്കാനും ഗവേഷണവിധേയമാക്കാനും പുതിയ തലമുറകൾക്കായി പുനരാവിഷ്കരിക്കാനും കഴിയുന്ന സജീവമായ അക്കാദമിക വേദിയാണ് ദേവപ്രജ്ഞ ലക്ഷ്യംവയ്ക്കുന്നത്.ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഫാ.ഡോ. ബിജു ജോസഫ്, മാനേജർ ഫാ. ബിജു കെ. ഐസക്, കാലിക്കട്ട് സർവകലാശാല സിൻഡിക്കറ്റ് അംഗം ജെയ്സൺ ജോസഫ്, ഫാ. സുനിൽ.എം. ആന്റണി, ദേവപ്രജ്ഞ കോ- ഓർഡിനേറ്റർ ഡോ. അഞ്ജലി ജോസ് എന്നിവർ പ്രസംഗിച്ചു. ഭാരതീയ ജ്ഞാനപാരമ്പര്യത്തിലെ ശാസ്ത്രീയവും സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങളെ സമകാലിക സാഹചര്യങ്ങളിൽ പ്രസക്തമാക്കുന്നതിനും കേന്ദ്രം പ്രാധാന്യം നൽകും.
പ്രഭാഷണങ്ങൾ, പ്രദർശനങ്ങൾ, ശിൽപശാലകൾ, ഗവേഷണ പ്രവർത്തനങ്ങൾ, വിവിധ പഠനവിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള പദ്ധതികൾ, സമൂഹവുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ എന്നിവയിലൂടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.
Tags : Nattuvishesham Districtnews Deepikanews