നിലന്പൂർ: മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ (എൽപി വിഭാഗം) അവാർഡ് ഇല്ലക്കണ്ടി അബ്ദുൾ അസീസിന് ലഭിച്ചു. മലപ്പുറം ചെങ്ങര ജിഎൽപി സ്കൂളിലെ പ്രധാനാധ്യാപകനാണ് അബ്ദുൾ അസീസ്. അറിവ് പകർന്ന് നൽകുന്നതിനപ്പുറം വിദ്യാലയങ്ങളെ മാറ്റത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിലും അശരണർക്ക് കൈത്താങ്ങായി മാറുക എന്ന മഹത്തായ ദൗത്യവുമാണ് ഇല്ലക്കണ്ടി അബ്ദുൾ അസീസിന്റെ അധ്യാപന ജീവിതത്തെ വേറിട്ടതാക്കുന്നത്.
26 വർഷം പ്രൈമറി അധ്യാപകനായും 11 വർഷം പ്രൈമറി സ്കൂൾ പ്രധാനാധ്യാപകനായും പൊതുവിദ്യാഭ്യാസ മേഖലയെ പരിപോഷിപ്പിച്ചു. അടച്ചുപൂട്ടൽ ഭീഷണി നേരിട്ട നിലന്പൂർ വീട്ടിക്കുത്ത് ഗവണ്മെന്റ് എൽപി സ്കൂളിനെ 115 കുട്ടികളിൽ നിന്ന് 405 കുട്ടികളുള്ള സജീവ വിദ്യാലയമാക്കി മാറ്റിയതും ചെങ്ങര ഗവണ്മെന്റ് എൽപി സ്കൂളിനെ 172 കുട്ടികളിൽ നിന്ന് 300 ലധികം കുട്ടികളുള്ള വിദ്യാലയമാക്കി വളർത്തിയതും മാഷിന്റെ നേതൃപാടവത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ഉദാഹരണങ്ങളാണ്.
സർക്കാർ സ്കൂളിൽ ഗോത്രവർഗ മ്യൂസിയം, മൾട്ടിമീഡിയ ലൈബ്രറി, ഹൈടെക്ക് ക്ലാസ് മുറികൾ, ജൈവ വൈവിധ്യപാർക്ക്, മികച്ച ഉച്ചഭക്ഷണ സംവിധാനം, കിഡ്സ് കമാൻഡോ തുടങ്ങിയ നിരവധി നൂതന സംരംഭങ്ങൾക്ക് നേതൃത്വം നൽകി. വൈവിധ്യമാർന്ന വിദ്യാഭ്യാസ പദ്ധതികളിലൂടെ കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിൽ ഇടപെടലുകൾ നടത്തി. ചാരിറ്റി മേഖലയിലെയും സജീവമായി. കവളപ്പാറ ഉരുൾപൊട്ടലിലും പ്രളയ ദുരന്തത്തിലും അകപ്പെട്ടവർക്ക് 30 ലക്ഷം രൂപയുടെ സഹായോപകരണങ്ങൾ വിതരണം ചെയ്തു. മികച്ച അധ്യാപകൻ, മോട്ടിവേറ്റർ, പരിശീലകൻ എന്നീ നിലകളിലും അബ്ദുൾ അസീസ് മാഷ് ശ്രദ്ധേയനാണ്.
സംസ്ഥാന മാതൃകാധ്യാപക അവാർഡ്, എസ്സിഇആർടി മികവ് അംഗീകാരം, നിലന്പൂർ നഗരസഭ മാതൃകാധ്യാപക അവാർഡ്, ജെസിഐയുടെ "സല്യൂട്ട് ദ ടീച്ചർ’ അവാർഡ്, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മലപ്പുറം കളക്ടറുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്. ചിറപ്പാലം പിഎംഎസ്എ എൽപി സ്കൂൾ പ്രധാനാധ്യാപിക സജീനയാണ് ഭാര്യ. മക്കൾ: അനസ് അലി (ഖത്തറിൽ എൻജിനിയർ), അമീൻ ബാസിൽ (അധ്യാപകൻ), ഹംന (ബംഗളുരൂ നിംഹാൻസിൽ ബിഎസ്സി അനസ്തേഷ്യ വിദ്യാർഥിനി).