തിരുവനന്തപുരം: മെഡിക്കൽ കോളജിലെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിലെ പ്രതിയായ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥി ഏബൽ അഗസ്റ്റിനെ കോടതി ഓഗസ്റ്റ് ഏഴു വരെ റിമാൻഡ് ചെയ്തു. പ്രതിയുടെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
വയനാട് സ്വദേശിയായ ഏബലിനെ മെഡിക്കൽ കോളജ് പോലീസ് ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ കേസ് ഉയർന്നു വന്നതോടെയാണ് പ്രതിയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.
ഇതാദ്യമായല്ല ഏബലിനെ കോടതിയിൽ ഹാജരാക്കുന്നത്. ആദ്യ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്ന പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ കൂടുതൽ വിദ്യാർഥിനികൾ പരാതിയുമായി മുന്നോട്ടുവന്നതും വ്യാപക പ്രതിഷേധം ഉയർന്നതും കണക്കിലെടുത്ത്. പോലീസ് ഇയാൾക്കെതിരേ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും വീണ്ടും അറസ്റ്റ് ചെയ്യുകയുമായിരുന്നു. സമാന സ്വഭാവത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏബലിനെതിരേ നിലവിൽ അഞ്ച് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി മെഡിക്കൽ കോളജ് പോലീസ് അറിയിച്ചു.
സഹപാഠികളുടെയും സീനിയർ വിദ്യാർഥിനികളുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽനിന്നു ശേഖരിച്ച് മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ പ്രചരിപ്പിച്ചെന്നാണ് പരാതികൾ. 13 സീനിയർ വിദ്യാർഥിനികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
സംഭവത്തിൽ ആദ്യം രണ്ടു വിദ്യാർഥിനികളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഒരു കേസിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യം ലഭിച്ചു. ഇതോടെ മറ്റു വിദ്യാർഥിനികളും പരാതികളുമായി സ്റ്റേഷനിലെത്തി. എന്നാൽ എല്ലാ പരാതികളിലും പ്രത്യേക എഫ് ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് ആദ്യം തയാറായില്ലെന്നാണു വിദ്യാർഥികളുടെ ആരോപണം.
ഒരേ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്ന വിഷയമായതിനാൽ ഒരു എഫ് ഐആറിൽ അന്വേഷണം തുടരാമെന്നായിരുന്നു പോലീസിന്റെ പ്രാരംഭ നിലപാട്. എന്നാൽ ഇതിൽ പ്രതിഷേധിച്ച് വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ അർധരാത്രിവരെ ഉപരോധിച്ചു. പ്രതിഷേധത്തിനിടെ പോലീസും വിദ്യാർത്ഥികളും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. തുടർന്ന് കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷനിലെത്തിച്ച് വിദ്യാർഥിനികളുടെ മൊഴി രേഖപ്പെടുത്തുകയും അഞ്ച് പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
ക്രിമിനൽ കേസിൽ പ്രതിയായതിനെ തുടർന്ന് ഏബലിനെ മെഡിക്കൽ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിദ്യാർഥിനികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോളജ് കാ ന്പസിൽ ഇത്തരം സൈബർ അതിക്രമങ്ങൾക്കെതിരേ കർശന നടപടി വേണമെന്നുമാണ് വിദ്യാർഥി സംഘടനകളുടെ ആവശ്യം. പ്രതിയുടെ മൊബൈൽ ഫോണ്, സമൂഹമാധ്യമ അക്കൗണ്ടുകൾ, ഡിജിറ്റൽ സംഭരണ ഉപകരണങ്ങൾ എന്നിവ സൈബർ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മോർഫ് ചെയ്ത ചിത്രങ്ങൾ മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ, വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചിട്ടുണ്ടോ, കൂടുതൽ ഇരകളുണ്ടോ എന്നീ കാര്യങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നു മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിക്കുന്നുവെന്ന വിവരം പുറത്തുവന്നത്. സഹപാഠികളുടെയും സീനിയർ വിദ്യാർഥിനികളുടെയും ഇൻസ്റ്റഗ്രാം സ്റ്റോറികളിൽനിന്ന് ചിത്രങ്ങൾ ഡൗണ്ലോഡ് ചെയ്ത് അവ അശ്ലീലച്ചുവയുള്ളതാക്കി മാറ്റി പ്രചരിപ്പിച്ചെന്നായിരുന്നു പരാതി. ആദ്യം ഒറ്റപ്പെട്ട സംഭവമായി കരുതിയിരുന്ന വിഷയം പിന്നീട് നിരവധി വിദ്യാർഥിനികൾ സമാന അനുഭവം പങ്കുവെച്ചതോടെ വലിയ വിവാദമായി മാറി. പോ ലീസിന്റെ പ്രാരംഭ നടപടികളിലെ വീഴ്ചയും കേസ് കൈകാര്യം ചെയ്ത രീതിയും സംബന്ധിച്ച് വിദ്യാർഥികൾ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതോടെയാണ് വിഷയം ശ്രദ്ധനേടിയത്.
Tags : Nattuvishesham DistrictNews DeepikaNews cases registered.