പ്രിയദർശിനി ബസിൽ കയറാൻ കാത്തുനിൽക്കുന്ന സ്ത്രീ യാത്രക്കാർ.
വടക്കഞ്ചേരി: കെഎസ്ആർടിസി ബസിലെ സൗജന്യയാത്രയിൽ ഏറെ സന്തോഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ് സ്ത്രീകൾ. എന്നാൽ പ്രിയദർശിനി ബസുകൾക്ക് ഉൾക്കൊള്ളാവുന്നതിൽ കൂടുതൽ യാത്രക്കാരെ കയറ്റി ബസുകൾ സർവീസ് നടത്തുമ്പോൾ യാത്രക്കാരുടെ സുരക്ഷിതത്വം കൂടി ഉറപ്പാക്കണമെന്നാണ് സ്ത്രീയാത്രക്കാർ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നത്.
പല യാത്രകളിലും അപായ ഭീതിയുണ്ടാകാറുണ്ടെന്നു സ്ത്രീകൾ പറയുന്നു. സ്കൂൾ, കോളജ്, ഓഫീസ് സമയങ്ങളായ രാവിലേയും വൈകുന്നേരങ്ങളിലും ചില ബസുകളിൽ യാത്രക്കാർ തിങ്ങിനിറഞ്ഞാണ് പോകുന്നത്.
അമിതഭാരമാകുമ്പോൾ കാലപ്പഴക്കമുള്ള ബസുകളുടെ സുരക്ഷയിലും ആശങ്കകളുണ്ട്. പ്രിയദർശിനി ബസുകൾ കുറവുള്ള നാട്ടിൻപുറങ്ങളിലും മലയോരങ്ങളിലുമാണ് യാത്രക്കാരുടെ ബാഹുല്യമുണ്ട്. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്തിരുന്ന സ്ത്രീകളും ഇപ്പോൾ പ്രിയദർശിനി ബസുകളിലെ യാത്രക്കാരായി മാറിയിരിക്കുകയാണ്. മോട്ടോർവാഹനവകുപ്പ് നിയമ പ്രകാരം 51 പേരുടെ സീറ്റിംഗ് ഉൾപ്പെടെ പരമാവധി 65 യാത്രക്കാരെ മാത്രമേ ഒരു ബസിൽ കൊണ്ടുപോകാനാകൂ. എന്നാൽ പല സമയത്തും ഇതിന്റെ ഇരട്ടിയാത്രക്കാരെവരെ കയറ്റിയാണ് സർവീസ് നടക്കുന്നത്.
ഇത് അപകടങ്ങൾ ഉണ്ടാക്കുമെന്ന് യാത്രക്കാർ ഭയപ്പെടുന്നു. ഡോറുകളുടെ സ്റ്റെപ്പുകളിലും ചില സമയത്ത് ഡോർ അടക്കാനാകാത്ത വിധം തൂങ്ങിക്കിടന്നും യാത്ര ചെയ്യുന്നവരുണ്ട്. ഇക്കഴിഞ്ഞ ഏഴിനാണ് വടക്കഞ്ചേരിക്കടുത്ത് ആയക്കാട് വച്ച് യാത്രക്കാർ തിങ്ങിനിറഞ്ഞ കെഎസ്ആർടിസി ബസിൽനിന്നു തെറിച്ചുവീണ് കണ്ടക്ടർക്കു പരിക്കേറ്റത്. കൂടുതൽ പ്രിയദർശിനി ബസുകൾ ഓടിക്കാൻ നടപടി വേണമെന്നാണ് സ്ത്രീകൾ ആവശ്യപ്പെടുന്നത്.
ഇതിനു ബസുകളുടെയും ജീവനക്കാരുടെയും വലിയ കുറവുണ്ടെന്നു കെഎസ്ആർടിസി ഡിപ്പോ അധികൃതർ ചൂണ്ടിക്കാട്ടുന്നു.