കര്‍ക്കടക മാസാചരണ ഉദ്ഘാടനം ഫാ. ആന്റോ ചേരാന്തുരുത്തി നിര്‍വഹിക്കുന്നു.
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തനവിഭാഗമായ സഹൃദയയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നൈവേദ്യ ആയുര്‍വേദ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കടക മാസാചരണത്തിനു തുടക്കമായി. സഹൃദയ ഡയറക്ടര്‍ ഫാ. ആന്റണി പുതിയാപറമ്പിലിന്റെ അധ്യക്ഷതയില്‍ സഹൃദയ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം അതിരൂപത വികാരി ജനറല്‍ ഫാ. ആന്റോ ചേരാന്തുരുത്തി ഉദ്ഘാടനം ചെയ്തു.
ജീവിതശൈലിയും ഭക്ഷണശൈലിയും രോഗകാരണമാകുന്ന ഈ കാലഘട്ടത്തില്‍ ആരോഗ്യജീവിതത്തെക്കുറിച്ച് ശരിയായ അടിസ്ഥാന കാഴ്ചപ്പാടുകള്‍ വളര്‍ത്തിയെടുക്കുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സഹൃദയ നൈവേദ്യ ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ തയാറാക്കിയ ആയുര്‍വേദ ഉത്പന്നങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. സീബ എസ്. ബാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. സഹൃദയ ജോയിന്റ് ഡയറക്ടര്‍ ഫാ. ജിനോ ഭരണികുളങ്ങര, നൈവേദ്യ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സിസ്റ്റര്‍ ഡോ. ആന്‍ജോ, കണ്‍സള്‍ട്ടിംഗ് ഫിസിഷ്യന്‍ ഡോ. സി. അനഘന്‍, സുനില്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.