ുതിയ കോഴ്സുകളുടെ പ്രഖ്യാപനം മന്ത്രി ഒ.ജെ. ജനീഷ് നിർവഹിക്കുന്നു.
മാള: പഠനരംഗത്തെന്നതുപോലെത്തന്നെ കായികമേഖലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സംസ്ഥാന യുവജനക്ഷേമ - കായിക മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് പറഞ്ഞു. മാള കോട്ടയ്ക്കൽ സെന്റ്് തെരേസാസ് കോളജിൽ പുതിയ കോഴ്സുകളുടെ പ്രഖ്യാപനവും പ്രവേശനോത്സവവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്നത്തെ യുവതലമുറയ്ക്ക് യഥാർഥ ജീവിതത്തിന്റെ സന്തോഷവും സുഖദുഃഖങ്ങളും അനുഭവവേദ്യമാക്കണം. അതിന് കളിസ്ഥലങ്ങൾക്കു വളരെ വലിയ പങ്കുണ്ട്. ജീവിതമാണ് ലഹരിയെന്ന സന്ദേശം പകർന്നുകൊണ്ട് ലഹരിയുടെ പിടിയിൽനിന്നും ഇവരെ മാറ്റിയെടുക്കു കയെന്നതു വലിയ പരിശ്രമമാണ്. യുവജനങ്ങളെ കായിക മേഖലകളിൽ പങ്കുകാരാക്കി തീർക്കുന്നതിനായി ധാരാളം കളിസ്ഥലങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഇതിലൂടെ സമൂഹത്തിന്റെ ഭാഗമായി നിന്നുകൊണ്ട് മറ്റുള്ളവർക്കു നല്ലതുചെയ്യുവാനും യുവജനങ്ങൾക്ക് ആകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ്്, ബിപിഇഎസ്, ബിഎസ്ഡബ്ല്യു എന്നീ കോഴ്സുകളുടെ പ്രഖ്യാപനവും പ്രവേശനോത്സവവും മന്ത്രി ഉദ് ഘാടനം ചെയ്തു. ദേവമാത പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ഡോ. ജോസ് നന്തിക്കര അധ്യക്ഷനായിരുന്നു. കോളജ് മാനേജർ ഫാ. വാൾട്ടർ തേലപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. സുവർണ ജൂബിലി കവാടത്തിന്റെയും മിസ്റ്റിക് ക്വിൽ ഫൗണ്ടന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പുതുതായി സ്ഥാപിച്ച സെന്റ് തെരേസ രൂപത്തിന്റെ വെഞ്ചരിപ്പ് പ്രൊവിൻഷ്യാൾ ഫാ. ജോസ് നന്തിക്കര നിർവഹിച്ചു.
ക്രൈസ്റ്റ് കോളജ് മാനേജർ ഫാ. ജോയ് പീണിക്ക പറമ്പിൽ സിഎംഐ, കോളജ് വികസന സമിതി ചെയർമാൻ പ്രഫ. എം. ജി. ടോമി, ജില്ലാപഞ്ചായത്ത് അംഗം സാജൻ കൊടിയൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോഷി കാഞ്ഞൂത്തറ, ജിഷ ജോഫി, കോളജ് യൂണിയൻ ചെയർമാൻ ഡി. എം. ദേവാനന്ദ്, ജോണിസ് വടക്കുംചേരി എന്നിവർ പ്രസംഗിച്ചു.
കോളജ് പ്രിൻസിപ്പൽ മേജർ ഡോ. അൽഫോൻസ് ലിഗോരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനമായ ഓപ്പറേഷൻ തൂഫാന്റെ പ്രചാരണ ത്തിനായി രൂപീകരിച്ച കോളജ് യോദ്ധാക്കളുടെ ടീമിന്റെ ദീപശിഖാ കൈമാറ്റം പ്രിൻസിപ്പൽ നിർവഹിച്ചു. കോളജ് ഡയറക്ടർ ഫാ. ഡോ. വിത്സൻ തറയിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.കെ. ശ്രുതി നന്ദിയും പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews Minister O.J. Janeesh