അടയ്ക്കാത്തോട് മുട്ടുമാറ്റിയിൽ ആനമതിൽ മലവെള്ളപ്പാച്ചിലിൽ തകർന്ന നിലയിൽ.
കേളകം: ശക്തമായ മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് മുട്ടുമാറ്റിയിൽ ആനമതിൽ തകർന്ന് ഒലിച്ചു പോയി. ഇടിമണ്ണിൽ ജോർജിന്റെ വീടിനു സമീപത്തെ ആനമതിലാണ് പത്തുമീറ്ററോളം നീളത്തിൽ ഒലിച്ചുപോയത്. വന്യജീവി ശല്യം പതിവായ പ്രദേശമായതിനാൽ മതിലിന്റെ തകർച്ച ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.
തകർന്ന ഭാഗത്തുകൂടി ആനയുൾപ്പെടെയുള്ള വന്യജീവികൾ കൂടുതലായി ജനവാസ കേന്ദ്രത്തിലേക്കെത്തുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. മതിൽ ഒലിച്ചു പോയതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഒലിച്ചുപോയ ഭാഗം എത്രയും പെട്ടെന്ന് പുനർനിർമിക്കണമെന്ന് നാട്ടുകാർ വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ചാക്കോ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വനം വകുപ്പും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് ജാഗ്രത പാലിക്കണമെന്നും അപകടസാധ്യതയുള്ള മേഖലകളിൽ അനാവശ്യമായി സഞ്ചരിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. 2024ൽ ഇതിനു സമീപത്തെ സ്ഥലത്തും സമാനരീതിയിൽ ആനമതിൽ ഒലിച്ചുപോയിരുന്നു.