പിറവം: പോസ്റ്റോഫീസ് ജംഗ്ഷനിൽ അപകടങ്ങൾ പെരുകുന്നു. ഇന്നലെ രാവിലെ കെഎസ്ആർടിസി ബസും, പാലു കൊണ്ടുപോവുകയായിരുന്ന മിനി വാനും തമ്മിൽ കുട്ടിയിടിച്ചതാണ് ഇതിൽ ഒടുവിലത്തേത്.
വൺവേ റോഡിലൂടെ കടവ് ഭാഗത്തുനിന്നും വരുകയായിരുന്ന ബസും, ത്രീ റോഡ് ജംഗ്ഷനിൽ നിന്നും ബസ്വേയിലൂടെ വരുകയായിരുന്ന വാനും തമ്മിൽ നേരിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാൻ റോഡിലേക്ക് വട്ടം മറിഞ്ഞു. വാൻ ഡ്രൈവർക്കും, ബസ് ഡ്രൈവർക്കും നിസാര പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ വാനിന്റെ മുൻവശം പൂർണമായും തകർന്നു. അഗ്നിരക്ഷാ സേനയെത്തിയാണ് വാനിൽ നിന്നും റോഡിലൊഴുകിയ പാൽ കഴുകിക്കളഞ്ഞത്.
നാലു റോഡുകൾ കൂടി ചേരുന്ന പിഒ ജംഗ്ഷനിൽ ആഴ്ചയിൽ ഒരു അപകടമെങ്കിലും പതിവായിരിക്കുകയാണ്. നിരവധിപേർക്ക് പരിക്കേൽക്കുന്നുമുണ്ട്. നാലുഭാഗങ്ങളിൽ നിന്നുമെത്തുന്ന വാഹന ഡ്രൈവർമാർക്ക് പരസ്പരം കാണാൻ സാധിക്കാത്തതും, സിഗ്നലുകൾ ലഭിക്കാത്തതുമാണ് പ്രധാന അപകട കാരണം. പിഒ ജംഗ്ഷൻ മുതൽ പള്ളിക്കവല വരെ റോഡിന്റെ ഇരു ഭാഗങ്ങളിലും സ്വകാര്യ വാഹനങ്ങളുടെ കുത്തിനിറച്ചുള്ള പാർക്കിംഗും അപകടങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്.
പിറവത്തെ ഏറ്റവും തിരക്കേറിയ ജംഗ്ഷനാണിത്. ഇവിടെ റോഡിൽ മീഡിയൻ നിർമ്മിക്കണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്നതാണങ്കിലും, ജംഗ്ഷനിൽ ഇതിനുള്ള വിസ്താരമില്ലെന്നുള്ള കാരണം പറഞ്ഞ് അവഗണിക്കുകയാണ്. ഇതിനു പകരം റോഡുകൾക്ക് നടുവിൽ റൗണ്ട് സ്ഥാപിക്കണമെന്നും, കൂടാതെ ഒരു ട്രാഫിക് വാർഡനെ നിയമിക്കണമെന്നുമാണ് സമീപ വ്യാപാരികൾ ആവശ്യപ്പെടുന്നത്.
Tags : Accidents occurring at Piravom