പ്രതീകാത്മക ചിത്രം
മാനന്തവാടി: ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ ഓഗസ്റ്റ് ഏഴ് വരെ ലഭിച്ച കണക്കുകള്‍ പ്രകാരം കാലവര്‍ഷത്തില്‍ ജില്ലയില്‍ കൃഷി നാശനഷ്ടം 15.41കോടി രൂപയാണ്.
ഏറ്റവും കൂടുതല്‍ നഷ്ടം കണക്കാക്കിയിരിക്കുന്നത് മാനന്തവാടി ബ്ലോക്കിന് കീഴിലാണ്. 834 കര്‍ഷകരുടെ 88.6 ഹെക്ടര്‍ സ്ഥലത്തെ കൃഷി കാറ്റിലും മഴയിലും നശിച്ചപ്പോള്‍ പ്രാഥമിക വിലയിരുത്തലില്‍ 11.93 കോടി രൂപയാണ് നഷ്ടം. കല്‍പ്പറ്റയില്‍ 303 കര്‍ഷകരുടെ 17.12 ഹെക്ടര്‍ സ്ഥലത്ത് നാശനഷ്ടമുണ്ടായപ്പോള്‍ 2.48 കോടി രൂപ നഷ്ടവും പനമരം ബ്ലോക്കില്‍ 37 കര്‍ഷകരുടെ 4.2 ഹെക്ടര്‍ സ്ഥലത്ത് കൃഷി നാശമുണ്ടായപ്പോള്‍ 53.95 ലക്ഷം രൂപയുടെ നാശനഷ്ടവും ബത്തേരി ബ്ലോക്കില്‍ 40 കര്‍ഷകരുടെ 45.6 ലക്ഷം രൂപയുടെ കൃഷി നാശവുമാണ് സംഭവിച്ചത്.
കാലവര്‍ഷം ശക്തമാകുമ്പോള്‍ വയനാട്ടില്‍ ഏറ്റവും വലിയ നഷ്ടക്കണക്കുകള്‍ സംഭവിക്കുന്നത് വാഴ കര്‍ഷകര്‍ക്കാണ്. 92.16 ഹെക്ടര്‍ സ്ഥലത്തെ കുലച്ച വാഴയും 38.88 ഹെക്ടര്‍ സ്ഥലത്തെ കുലയ്ക്കാത്ത വാഴകളുമാണ് കാറ്റില്‍ നിലം പൊത്തിയത്. കിഴങ്ങ് വിളകള്‍, ഏലം, തെങ്ങ്, കപ്പ, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, കുരുമുളക് എന്നിവക്കും നാശമുണ്ടായി. കര്‍ഷകര്‍ക്ക് ആശ്വാസകരമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് ആവശ്യം ഉയരുന്നത്.
Tags : Nattuvishesham DistrictNews DeepikaNews Agricultural sector