പ്രതീകാത്മക ചിത്രം
അടൂർ: സംസ്ഥാന സർക്കാർ സ്ഥലം സൗജന്യമായി നൽകിയാൽ കൊടുമണ്ണിൽ വിമാനത്താവളം അനുവദിക്കുമെന്ന കേന്ദ്ര വ്യോമയാന മന്ത്രിയുടെ പ്രസ്താവനയെ കൊടുമൺ വിമാനത്താവളം ആക്ഷൻ കമ്മിറ്റി സ്വാഗതം ചെയ്തു.
കേരളത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലം സൗജന്യമായി പദ്ധതിക്കായി വിനിയോഗിക്കാൻ കഴിയുന്ന പ്രദേശമാണ് കൊടുമൺ പ്ലാന്റേഷൻ മേഖലയെന്ന് കേന്ദ്ര മന്ത്രിയെ ധരിപ്പിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ പരിഗണന ലഭിക്കുന്നതിനായി മുൻ ഗവർണർ കുമ്മനം രാജശേഖരനും സംസ്ഥാന സർക്കാരിന്റെ സഹായം ലഭിക്കുന്നതിനായി പരിശ്രമിക്കുന്ന സി. വി. ശാന്തകുമാർ എംഎൽഎയും നടത്തുന്ന ഇടപെടലുകളെ ആക്ഷൻ കമ്മിറ്റി അഭിനന്ദിച്ചു.
കൊടുമണ്ണിലെ സർക്കാർ പ്ലാന്റേഷൻ മേഖലയിലെ സ്ഥലം വിമാനത്താവള പദ്ധതിക്കായി വിനിയോഗിക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെയും സാമൂഹിക സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിച്ച് പത്തനംതിട്ടയിൽ സംയുക്ത കൺവൻഷൻ സംഘടിപ്പിക്കും.
ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് ഭാനുദേവ് റിപ്പോർട്ട് അവതരിപ്പിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജികുമാർ രണ്ടാംകുറ്റി, സുരേഷ് കുഴിവേലി, പഞ്ചായത്ത് മുൻ പ്രസിഡന്റ് എ. വിജയൻ നായർ, ഡിസിസി സെക്രട്ടറി ബിജു വർഗീസ്, ആക്ഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് ജോൺസൺ കുളത്തിൻകരോട്ട്, ട്രഷറർ ആർ. പത്മകുമാർ, ടി. തുളസീധരൻ, രാജൻ സുലൈമാൻ, വി. കെ. സ്റ്റാൻലി, സച്ചു രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews