ശോച്യാവസ്ഥയിലായ ആലക്കോട് എക്സൈസ് ഓഫീസ് കെട്ടിടം.
ആലക്കോട്: പ്രവർത്തനം തുടങ്ങി മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും ആലക്കോട് എക്സൈസ് ഓഫീസിന് സ്വന്തമായി കെട്ടിടം ഇല്ല. ശോച്യാവസ്ഥയിലായ പഴയ കെട്ടിടത്തിലാണ് ഇപ്പോഴും ഓഫീസ് പ്രവർത്തിക്കുന്നത്. പുതിയ ഓഫീസ് എന്ന നിർദേശത്തിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. ഇത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. കെട്ടിടം നിർമിക്കാൻ സ്ഥലം ലഭ്യമായിട്ടും തുടർനടപടി ഉണ്ടാകുന്നില്ല.
ആലക്കോട് ടൗണിൽ നിന്ന്
300 മീറ്റർ മാറി പെരുനിലം റോഡിൽ തേൻ വിപണന കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണ് എക്സൈസ് ഓഫീസ് പ്രവർത്തിക്കുന്നത്. മഴക്കാലത്ത് ടൗണിൽ നിന്നുള്ള ചെളിവെള്ളമടക്കം ഒഴുകി എത്തുന്നത് എക്സൈസ് ഓഫീസിലേക്കാണ്.
സ്ത്രീകളടക്കം 24 ഉദ്യോഗസ്ഥർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അവർക്ക് നിന്നു തിരിയാനും വസ്ത്രം മാറാൻ പോലും സ്ഥലമില്ല. ഫലപ്രദമായ ലോക്കപ്പ് സംവിധാനങ്ങളോ ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങൾ, തൊണ്ടി മുതലുകൾ എന്നിവ സൂക്ഷിക്കുന്നതിനോ, പ്രധാനപ്പെട്ട ഫയലുകൾ സൂക്ഷിക്കാനോ ഇടമില്ല. ഒരോ വർഷവും 500 ഓളം കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്യുന്നത്.
ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം 2024ൽ അരങ്ങത്ത് ആലക്കോട് പോലീസ് സ്റ്റേഷന് സമീപത്തായി അഞ്ചുസെന്റ് സ്ഥലം പഞ്ചായത്ത് എക്സൈസ് വകുപ്പിന് നൽകിയിരുന്നു. അവിടെ കെട്ടിടം നിർമാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് 79 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കിയതാണ്. എന്നാൽ, പിന്നീട് ഒരു നടപടികളും ഉണ്ടായിട്ടില്ല. പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സജീവ് ജോസഫ് എംഎൽഎ ആലക്കോടിന്റെ വികസനവുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിരുന്നു. അവിടെ എക്സൈസ് ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പ്രതിനിധികളടക്കമുള്ളവരുടെ പ്രധാന ആവശ്യമായിരുന്നു എക്സൈസ് ഓഫീസിന് പുതിയ കെട്ടിടം എന്നത്.