ആലപ്പുഴ: ആശുപത്രികളിലെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കേന്ദ്രആരോഗ്യ മന്ത്രാലയം നൽകുന്ന എൻക്യൂഎഎസ് പുരസ്കാര നിറവിൽ ആലപ്പുഴ ജനറൽ ആശുപത്രി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രഖ്യാപനം നടത്തി. 93.84 പോയിന്റ് നേടിയാണ് ജനറൽ ആശുപത്രി ഈ നേട്ടത്തിന് അർഹമായത്.
ആശുപത്രിയിലെ 11 ഡിപ്പാർട്ടുമെന്റുകളാണ് അംഗീകാര പരിശോധനയിൽ പങ്കെടുത്തത്. ലാബ്, ഫാർമസി, ഐപി, ഒപി, കാഷ്വാലിറ്റി, ബ്ലഡ് ബാങ്ക്, ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷൻ തിയറ്റർ, എംഐസിയു, അഡിമിനിസ്ട്രേഷൻ, റേഡിയോളജി എന്നീ ഡിപ്പാർട്ടുമെന്റുകളാണ് അവ. ഇതിനു മുമ്പ് 2025ൽ സംസ്ഥാന സർക്കാരിന്റെ കായകൽപ്പ പുരസ്കാരം, സംസ്ഥാന ഹരിത മിഷന്റെ എ പ്ലസ് ആശുപത്രി പുരസ്കാരം എന്നിവ ജനറൽ ആശുപത്രി നേടിയിട്ടുണ്ട്.
ജില്ലയിൽ ആദ്യമായാണ് ഒരു മേജർ സ്ഥാപനം ഈ ദേശീയ അംഗീകാരം നേടുന്നത്. ഇ-ചെക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനകൾ നടത്തിയാണ് ആശുപത്രിയുടെ പ്രവർത്തനം വിലയിരുത്തിയത്. രോഗികൾക്ക് കൊടുക്കുന്ന സേവനം, അവരുടെ സംതൃപ്തി, ഇൻഫ്രാസ്ട്രക്ചർ, അണുനശീകരണം, ബയോ മെഡിക്കൽ വേസ്റ്റ് നിർമാർജനം തുടങ്ങിയവയൊക്കെ വിലയിരുത്തിയാണ് ആശുപത്രി മികച്ച നേട്ടത്തിലേക്കെത്തിയത്.
നഗരസഭയുടെ അകമഴിഞ്ഞ പിന്തുണയും ജില്ലാ മെഡിക്കൽ ഓഫീസ്, എൻഎച്ച്എം എന്നിവയുടെ സഹകരണവും ഒപ്പം ആശുപത്രിയിലെ ജീവനക്കാരുടെ കൂട്ടായ്മയും നേട്ടത്തിനു പിന്നിലുണ്ടായി. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള പരിശോധനകളിൽ 70ശതമാനത്തിലേറെ മാർക്ക് നേടുന്ന ആശുപത്രികളെ കേന്ദ്രസർക്കാർ നിയമിക്കുന്ന വിദഗ്ധ സംഘം ദേശീയതലത്തിൽ വിലയിരുത്തിയാണ് ഈ അംഗീകാരം നൽകുന്നത്.
Tags : Alappuzha General Hospital Nattuvishesham Districte news