x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ല​വ് 35 ല​ക്ഷം; ക​ല്ലു​വെ​ട്ടു​കു​ഴി പോ​ലെ പ​ള്ളി​ക്ക​ര​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കു​ളം


Published: June 26, 2026 01:23 AM IST | Updated: June 26, 2026 01:23 AM IST

ബേ​ക്ക​ൽ: പ​ള്ളി​ക്ക​ര ക​രു​വാ​ക്കോ​ട് കെ​ട്ടു​ങ്കാ​ൽ വ​യ​ലി​ൽ കൃ​ഷി​ക്കും നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​നും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ൽ ഒ​രു പൊ​തു​കു​ളം നി​ർ​മി​ക്കു​ന്ന​തി​ന് 20 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ത​യാ​റാ​ക്കി​യ​ത്. 16.95 ല​ക്ഷം അ​ടി​സ്ഥാ​ന തു​ക​യും 3.05 ല​ക്ഷം രൂ​പ ജി​എ​സ്ടി​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു അ​ട​ങ്ക​ൽ. ഇ​തി​നു​പു​റ​മേ പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 3.75 ല​ക്ഷം കൂ​ടി അ​നു​വ​ദി​ച്ചു. എ​ല്ലാം ചേ​ർ​ത്ത് പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി​ട്ടും കു​ളം പൂ​ർ​ത്തി​യാ​യി​ല്ല.

ക​ല്ലു​വെ​ട്ടു​കു​ഴി പോ​ലെ ആ​ഴ​ത്തി​ൽ വെ​ള്ളം നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന വ​ലി​യൊ​രു കു​ഴി മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ത​ച്ച​ങ്ങാ​ട്-​വെ​ളു​ത്തോ​ളി റോ​ഡ​രി​കി​ൽ കെ​ട്ടു​ങ്കാ​ൽ വ​ള​വി​നു സ​മീ​പ​ത്താ​യു​ള്ള​ത്. കു​ഴി​ച്ചെ​ടു​ത്ത മ​ണ്ണി​ൽ കു​റ​ച്ചു​ഭാ​ഗം ക​രാ​റു​കാ​രും പ​ഞ്ചാ​യ​ത്തും വി​ല്പ​ന ന​ട​ത്തി. ബാ​ക്കി​ഭാ​ഗം സ​മീ​പ​ത്തു കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. കു​ള​ത്തി​ന്‍റെ ഭി​ത്തി നി​ർ​മി​ക്കാ​നാ​യി ഇ​റ​ക്കി​യ ചെ​ങ്ക​ല്ലു​ക​ളും ഒ​രു​വ​ശ​ത്ത് അ​ടു​ക്കി​വ​ച്ചി​ട്ടു​ണ്ട്.

ക​ല്ലു​കെ​ട്ടി​യൊ​രു​ക്കി കു​ളം പൂ​ർ​ത്തി​യാ​ക്കാ​ൻ 15 ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ഈ ​മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞാ​ലു​ട​ൻ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങു​മെ​ന്നു​മാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. വെ​റു​തേ കി​ട​ന്ന വ​യ​ലി​ൽ 35 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ച് ഇ​ങ്ങ​നെ​യൊ​രു കു​ളം നി​ർ​മി​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നോ എ​ന്നാ​ണ് ഇ​പ്പോ​ൾ നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്ന​ത്.
റോ​ഡി​നോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന വെ​ള്ളം നി​റ​ഞ്ഞ കു​ഴി ഇ​പ്പോ​ൾ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. സ​മീ​പ​ത്തെ ക​ലു​ങ്കി​ലും തോ​ട്ടി​ലും നി​ന്നു​ള്ള വെ​ള്ള​വും ഇ​പ്പോ​ൾ ഇ​തി​ൽ വ​ന്നു നി​റ​യു​ക​യാ​ണ്.

15 ഏ​ക്ക​റോ​ളം വി​സ്തീ​ർ​ണ​മു​ള്ള ക​രു​വാ​ക്കോ​ട് വ​യ​ലി​ന്‍റെ വ​ട​ക്കു​കി​ഴ​ക്കാ​യു​ള്ള മൂ​ല​യി​ലാ​ണ് നേ​ര​ത്തേ ഒ​രു ചെ​റി​യ കു​ളം ഉ​ണ്ടാ​യി​രു​ന്ന​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഇ​തി​ൽ​നി​ന്ന് കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​നു​ള്ള വെ​ള്ളം എ​ടു​ത്തി​രു​ന്നു. കാ​ല​ക്ര​മ​ത്തി​ൽ മ​ണ്ണ​ടി​ഞ്ഞ് ആ​ഴ​വും വ​ലി​പ്പ​വും കു​റ​ഞ്ഞ് കു​ളം വ​റ്റി. ഈ ​കു​ളം ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് മ​റ്റൊ​രു സ്ഥ​ല​ത്ത് പു​തു​താ​യൊ​രു കു​ളം കു​ഴി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ലാ​ണ് പു​തി​യ കു​ള​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യ​ത്. തു​ട​ക്ക​ത്തി​ൽ കു​ഴി​ച്ചെ​ടു​ത്ത മ​ണ്ണ് ക​രാ​റു​കാ​ർ ത​ന്നെ പു​റ​ത്തേ​ക്ക് വി​ല്പ​ന ന​ട​ത്താ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ത​ന്നെ ഇ​ട​പെ​ട്ട് മ​ണ്ണു കൊ​ണ്ടു​പോ​കാ​നു​ള്ള അ​വ​കാ​ശം ലേ​ലം ചെ​യ്തു​ന​ൽ​കി. പി​ന്നീ​ട് മ​ഴ​ക്കാ​ല​ത്ത് നി​ർ​ത്തി​വ​ച്ച പ്ര​വൃ​ത്തി​ക​ൾ ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ മാ​ത്ര​മാ​ണ് വീ​ണ്ടും തു​ട​ങ്ങി​യ​ത്.

കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ കു​ഴി​ച്ചു​താ​ഴ്ത്തി​യ​പ്പോ​ഴേ​ക്കും വീ​ണ്ടും മ​ഴ​ക്കാ​ല​മാ​യി. അ​ങ്ങ​നെ​യാ​ണ് കു​ള​ത്തി​നു​പ​ക​രം ഇ​വി​ടെ​യൊ​രു അ​പ​ക​ട​ക്കു​ഴി രൂ​പ​പ്പെ​ട്ട​ത്. റോ​ഡ​രി​കി​ലാ​യ​തി​നാ​ൽ ആ​ളു​ക​ളോ വാ​ഹ​ന​ങ്ങ​ളോ ഇ​തി​ലേ​ക്ക് വീ​ണു​പോ​കാ​തി​രി​ക്കാ​ൻ നാ​ട്ടു​കാ​ർ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. കു​ളം നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ൻ​സി​നും എം​എ​ൽ​എ​ക്കും സ​ർ​ക്കാ​രി​നും പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് ഇ​പ്പോ​ൾ നാ​ട്ടു​കാ​ർ.

Tags : Cost 35 lakhs ; Block Panchayat's Nattuvishesham Districte news

Recent News

Corehub Up