തൃശൂർ: ആരോഗ്യപരിപാലനരംഗത്തെ 75 വർഷത്തെ സേവനപാരമ്പര്യത്തിന്റെ സ്മരണയ്ക്കായി ജൂബിലി മിഷൻ ആശുപത്രിയിലെ ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി ഓപ്പണ്‍ ജിം സംവിധാനമൊരുക്കി. "നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം' എന്ന ലക്ഷ്യത്തോടെ ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ സംരംഭം മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ആശീർവാദകർമം നടത്തി. സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിന്റോ കാരേപറമ്പൻ എന്നിവർ പ്രസംഗിച്ചു. പഞ്ചഗുസ്തി ചാമ്പ്യൻ എ.യു. ജസ്റ്റിൻ, അയേണ്‍ മാൻ ഓഫ് ദ വേൾഡ് ഡോ. വരുണ്‍ മേനോൻ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്റർനാഷണൽ സൂംബ ട്രെയിനർ ഡോ. റോമ ആൻഡ് ടീമിന്റെ നേതൃത്വത്തിൽ ഡോക്ടർമാർക്കും സ്റ്റാഫിനും വിദ്യാർഥികൾക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും സൂംബ ട്രെയിനിംഗ് നടത്തി.
മേയർ ഡോ. നിജി ജസ്റ്റിൻ കാഴ്ചക്കാരോടൊപ്പം സൂംബ നൃത്തച്ചുവടുകൾ വച്ചു.
ആരോഗ്യസംരക്ഷണം ഇനി പ്രകൃതിയോടിണങ്ങി, രോഗശാന്തിക്കൊപ്പംതന്നെ രോഗപ്രതിരോധശേഷി വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഔട്ട്ഡോർ ഫിറ്റ്നസ് സെന്റർ ഒരുക്കിയിരിക്കുന്നത്. രോഗങ്ങളെ ചികിത്സിക്കുക എന്നതിനപ്പുറം ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്നതാണ് ലക്ഷ്യമെന്നും സ്വന്തം ആരോഗ്യം സംരക്ഷിക്കാൻ ഓരോരുത്തരും മുന്നോട്ടുവരണമെന്ന സന്ദേശമാണ് ഓപ്പണ്‍ ജിം നൽകുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.