പിറവം: പാഴൂർ ആറ്റുതീരം പാർക്കിന്റെ കൽകെട്ടിലുണ്ടായിരിക്കുന്ന വിള്ളലുകൾ നന്നാക്കുന്നതിനായി ദുരന്ത നിവാരണ പദ്ധതിയിലുൾപ്പെടുത്തി ജില്ലാ കളക്ടർ പത്ത് ലക്ഷം രൂപ അനുവദിച്ചു. മൂവാറ്റുപുഴയാറിന്റെ തീരത്ത് കളമ്പൂരിൽ സ്ഥിതി ചെയ്യുന്ന പാർക്കിന്റെ കൽക്കെട്ട് കഴിഞ്ഞ വെള്ളപ്പൊക്ക സമയത്താണ് തകർന്നു തുടങ്ങിയത്. ഇപ്പോൾ അടിത്തട്ടു ഭാഗത്ത് ഗർത്തങ്ങളും രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇനി വീണ്ടും ജലനിരപ്പ് ഉയർന്നാൽ പാർക്ക് തകരാനുള്ള സാധ്യതയും ഏറെയാണ്.
ഇക്കാര്യം ചൂണ്ടിക്കാട്ടി നഗരസഭാ ചെയർ പേഴ്സൺ കെ.ആർ. പ്രദീപ് കുമാർ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. മന്ത്രി അനൂപ് ജേക്കബും കളക്ടറുമായി ബന്ധപ്പെട്ടിരുന്നു. മേജർ ഇറിഗേഷൻ വകുപ്പ് വിള്ളൽ പരിഹരിക്കുന്ന നിർമാണ ജോലിക്ക് ആവശ്യമായ തുകയുടെ എസ്റ്റിമേറ്റെടുത്ത് ജില്ലാ കളക്ടർക്ക് സമർപ്പിച്ചിട്ടുള്ളതാണ്.
ഒരു ദശാബ്ദം മുമ്പാണ് ഡിടിപിസിയുടെ ഫണ്ടുപയോഗിച്ചാണ് മനോഹരമായ പാർക്ക് പൂർത്തിയാക്കിയത്. പാർക്കിൽ ദിവസവും നിരവധിയാളുകളാണ് എത്തുന്നത്. സിനിമ - സീരിയൽ ഷൂട്ടിംഗുകളുടേയും പ്രധാന ലൊക്കേഷനാണ് പ്രദേശം. പിറവത്തെ പുതുവത്സരാഘോഷങ്ങളും ഇവിടെയാണ് നടന്നു വരുന്നത്.
നിലവിൽ 36 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ പാർക്കിൽ നടന്നുവരുകയാണ്. പാർക്കിന് മുന്നിലൂടെ പോകുന്ന റോഡിന് വീതി കൂട്ടി സൈഡിൽ ഗ്രില്ലുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നുണ്ട്. കൂടാതെ പുല്ലുകളും ചെടികളും നട്ടുപിടിപ്പിക്കുകയും ഓടകൾകൾക്ക് സ്ലാബുകൾ നിർമിക്കുകയും പുതിയ ലൈറ്റുകൾ സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്.
Tags : Local News Nattuvishesham Ernakulam