കോഴിക്കോട്: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരേ കോഴിക്കോട് സിറ്റി പോലീസ് ആരംഭിച്ച 'ഓപ്പറേഷന് തൂഫാന്' കൊടുങ്കാറ്റായി ആഞ്ഞടിക്കുന്നു. ഈ മാസം ഒന്നു മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ റെയ്ഡുകളില് 440 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 447 പ്രതികളെ പോലീസ് പിടികൂടുകയും ചെയ്തു. വന്‍തോതില്‍ മയക്കുമരുന്ന് ശേഖരം പിടികൂടുകയും ചെയ്തു. ബുധനാഴ്ച സിറ്റി പോലീസ് പരിധിയില്‍ 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 21 പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
24 ദിവസംകൊണ്ട് പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ കണക്കുകള്‍: എംഡിഎംഎ: 309.837 ഗ്രാം, കഞ്ചാവ്: 5889.47 ഗ്രാം (ഏകദേശം 5.8 കിലോഗ്രാം), ബ്രൗണ്‍ ഷുഗര്‍: 4.58 ഗ്രാം, ഹാഷിഷ് ഓയില്‍: 4.32 ഗ്രാം, മെത്താംഫെറ്റാമൈന്‍: 6.64 ഗ്രാം, കഞ്ചാവ് ചെടികള്‍: മൂന്ന് എണ്ണം. പിടിക്കപ്പെട്ട കേസുകളില്‍ ഭൂരിഭാഗവും ചെറുകിട മയക്കുമരുന്ന് വില്പനക്കാരും ഉപഭോക്താക്കളുമാണ്.
ഈ മാസം നാല്, ഏഴ്, ഒന്‍പത്, 14 തീയതികളിലാണ് ഏറ്റവും കൂടുതല്‍ അറസ്റ്റുകളും കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. ലഹരിമാഫിയയുടെ വേരറുക്കാന്‍ ലക്ഷ്യമിട്ടുള്ള കര്‍ശനമായ പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Tags : Local News Nattuvishesham Kozhikode