വിരലടയാള വിദഗ്ധരുടെ സഹായത്തോടെ പോലീസ് കവര്‍ച്ച നടന്ന കടയില്‍ നിന്നു തെളിവുകള്‍ ശേഖരിക്കുന്നു.
അഞ്ചല്‍ : അഞ്ചല്‍ പട്ടണ നടുവിലെ മൊബൈല്‍ കടയില്‍ രൂപയും ഐ ഫോണുകളും ഉള്‍പ്പടെ അഞ്ച് ലക്ഷത്തോളം രൂപയുടെ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പോലീസിന്റെ തന്ത്രപരമായ നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്.
മോഷണം അന്വേഷിക്കാനെത്തിയ അഞ്ചല്‍ എസ്ഐ മോനിഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കടയിലെ ജീവനക്കാര്‍, ഉടമ കടയുമായി അടുപ്പമുള്ളവര്‍ എന്നിവരുടെ വിവര ശേഖരണം നടത്തി. ചിലരെ രഹസ്യമായി നിരീക്ഷിക്കുകയും ചെയ്തു. കടയിലെ സിസിടിവി തകരാറിലായതിനാല്‍ താല്‍ക്കാലികമായി വച്ച കാമറ ഓഫാക്കിയാണ് കവര്‍ച്ച നടത്തിയത്. മാത്രമല്ല ഗ്ലാസ് ഡോര്‍ പൂട്ട് പൊളിച്ചതുമില്ല.
അതിനാല്‍ കടയുമായി ഏറെ ബന്ധമുള്ളവരിലേക്കായിരുന്നു പോലീസിന്റെ അന്വേഷണം നീണ്ടത്. കവര്‍ച്ച നടന്ന മൊബൈല്‍ മാളിന്റെ എതിര് ദിശയിലെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ഇന്നോവ കാറായിരുന്നു പോലീസിന് ആകെ ലഭിച്ച തെളിവ്. കാര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം എത്തിച്ചേര്‍ന്നത് കടയിലെ ജീവനക്കാരന് അഭിഷേകിലേക്കായിരുന്നു. കവര്‍ച്ചയുടെ വിവരങ്ങള്‍ പോലീസിനോട് വിവരിച്ചതും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറിയതും അഭിഷേകായിരുന്നു.
മൊഴിയെടുക്കാനായി കസ്റ്റഡിയിലെടുത്ത അഭിഷേകിനെ ചോദ്യം ചെയ്തതോടെയാണ് ബന്ധുകൂടിയായ ആര്യയിലേക്കും ഭര്‍ത്താവ് നാസിം സുല്‍ത്താനിലേക്കും എത്തിയത്. ഉടന്‍ ഇവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കടയിലെ ജീവനക്കാരനായ അഭിഷേക് കടയുടെ താക്കോല്‍ നേരത്തെ ആര്യയെ ഏല്പിച്ചിരുന്നു. മൂവരും ചേര്‍ന്ന് ആസൂത്രണം ചെയ്ത കവര്‍ച്ച ആര്യയും ഭര്‍ത്താവും ചേര്‍ന്ന് നടപ്പിലാക്കുകയായിരുന്നു. മുമ്പ് പലതവണ കടയില്‍ എത്തിയിട്ടുള്ള പ്രതികള്‍ കടയിലെ എല്ലാ വശങ്ങളും നിരീക്ഷിച്ച് ഉറപ്പാക്കിയിരുന്നു.
താത്കാലികമായി സ്ഥാപിച്ച കാമറയുടെ സ്വിച്ചുവരെ ആര്യ മനസിലാക്കി വച്ചിരുന്നു. രാത്രി ഒന്നിനു ശേഷം ഇന്നോവ കാറില്‍ എത്തിയ സംഘം ആര്യയെ കടയുടെ മുന്‍വശത്ത് ഇറക്കിയശേഷം അല്പം ദൂരെ മാറി കാറില്‍ കാത്തുകിടന്നു. കടയ്ക്കുള്ളില്‍ കടന്ന ആര്യയാണ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന പണവും സേഫില്‍ ഉണ്ടായിരുന്ന ഐ ഫോണുകള്‍ ഉള്‍പ്പെടെ നാലുഫോണുകളും മോഷ്ടിച്ചത്.
പിന്നീട് കാറില്‍ കടന്നുകളഞ്ഞ സംഘം പണം മടത്തറയിലെ വാടക വീടിനുള്ളിലെ എസിയിലും ഫോണുകള്‍ പ്ലാസ്റ്റിക് കവറില്‍ വാട്ടര്‍ ടാങ്കിലും ഒളിപ്പിച്ചു. കടയുടെ താക്കോല്‍ ഉള്‍പ്പടെ മറ്റ് സാധനങ്ങളും ബാഗിലാക്കി ഓന്തുപച്ച വന മേഖലയിലും ഉപേക്ഷിച്ചു. ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും ഇവയെല്ലാം പ്രതികള്‍ പോലീസിന് കാട്ടികൊടുത്തു. ആവശ്യമെങ്കില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യല്‍ നടത്തും.
Tags : Local News Nattuvishesham Kollam