വിഴിഞ്ഞം: കടലിൽ കാണാതായ ഹോമിയോ ഡോക്ടറെ നാലാംനാളും കണ്ടെത്താനായില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കാത്തിരിപ്പ് തുടരുന്നു. വയനാട് പയ്യംപള്ളി വള്ളിയൂർക്കാവ് നന്ദനത്തിൽ കെഎസ്ഇബി റിട്ട. ഉദ്യോഗസ്ഥനായ സെൽവരാജിന്റെയും അജിതയുടെയും മകൻ എ. എസ്. ശ്രീജിത്തി(29)നെ കണ്ടെത്താനുള്ള ശ്രമമാണ് തുടരുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയാ ണു വിഴിഞ്ഞം ബൊള്ളാർഡ് പുൾ ടെസ്റ്റിംഗ് കേന്ദ്രത്തിന് സമീപത്തെ കടലിൽ ശ്രീജിത്തിനെ കാണാതായത്.
അന്നു മുതൽ ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം ശ്രീജിത്തിന്റെ തിരിച്ചു വരവും പ്രതീക്ഷിച്ച് വിഴിഞ്ഞത്തുണ്ട്. രാവിലെ എത്തുന്ന സംഘം വൈകുന്നേരം മടങ്ങുമെങ്കിലും നേരം പുലരുന്നതോടെ വീണ്ടും കടൽക്കരയിൽ എത്തും.
തീരദേശ പോലീസും മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റുഗാർഡും നടത്തുന്ന തിരച്ചിലിൽ പ്രതീക്ഷയർപ്പിച്ച കാത്തിരിപ്പ്കാർക്ക് ഇന്നലെയും നിരാശ മാത്രമായിരുന്നു ഫലം.
തിങ്കളാഴ്ച രാവിലെ നാല്പതോളം ചിപ്പി ത്തൊഴിലാളികൾ കടലിലെ പാറക്കൂട്ടത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കലങ്ങിയ വെള്ളം തിരച്ചിലിനെ ബാധിച്ചു. സാധാരണ കാണാതാകുന്നവരെ മൂന്നാം നാൾ കണ്ടെത്തുകയാണ് പതിവെന്ന് തീരദേശ പോലീസ് പറയുന്നു.