കുറ്റിച്ചൽ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗിന്നസ് വേൾഡ് റിക്കാർഡ് നേട്ടത്തിൽ പങ്കാളിയായി കുറ്റിച്ചൽ സ്വദേശിനിയായ എം.ജെ. ബഹിയ ഫാത്തിമ ശ്രദ്ധേയയാകുന്നു. ചെറുപ്രായത്തിൽ തന്നെ അർപ്പണബോധത്തോടെയും ആത്മവിശ്വാസത്തോടെയും യോഗ പരിശീലനം നടത്തി ശ്രദ്ധ നേടിയ ബഹിയ ഫാത്തിമയുടെ ഈ നേട്ടം നാടിന് അഭിമാനമായി.
2026 ജൂൺ 21ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നടന്ന പരിപാടിയിലാണ് ബഹിയ ഫാത്തിമ പങ്കെടുത്തത്. ആന്ധ്രാപ്രദേശ് സർക്കാരിന്റെ ആയുഷ് വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ 22,122 പേർ ഒരേസമയം സൂര്യനമസ്കാരം നിർവഹിച്ച് ഗിന്നസ് വേൾഡ് റിക്കാർഡ് സ്ഥാപിച്ചു. ഈ ചരിത്രനേട്ടത്തിന്റെ ഭാഗമായതിനുള്ള ഔദ്യോഗിക ഗിന്നസ് വേൾഡ് റിക്കാർഡ്സിന്റെ സർട്ടിഫിക്കറ്റ് ബഹിയ ഫാത്തിമയ്ക്ക് ലഭിച്ചു.
മുയീനുദ്ദീൻ-എ. ജാസ്മിൻ ദന്പതികളുടെ മകളാണ് ബഹിയ ഫാത്തിമ. മുഹമ്മദ് ബിലാൽ, മുഹമ്മദ് അൽ ബുർഹാൻ എന്നിവരാണു സഹോദരന്മാർ. നിലവിൽ ഉഴമലയ്ക്കൽ എസ്എൻഎച്ച്എസ്എസിലെ അഞ്ചാംക്ലാസ് വിദ്യാർഥി യാണ്. സ്കൂളിലെ കായിക അധ്യാപകൻ സഞ്ജയ് കുമാറിന്റെ ശിക്ഷണത്തിലും മലയിൻകീഴ് വലിയാർത്തല കുങ് ഫു ആൻഡ് യോഗ സെന്ററിലെ ബിനു കുമാർ, അരൂജ് എന്നിവരുടെ പരിശീലനത്തിലുമാണു ബഹിയ ഫാത്തിമ മുന്നേറുന്നത്.
അച്ചടക്കവും കഠിനാധ്വാനവുംകൊണ്ട് ഇതിനകം അധ്യാപകരുടെയും സഹപാഠികളുടെയും പ്രശംസ നേടിയിട്ടുണ്ട്. ഉഴമലക്കൽ എസ്എൻഎച്ച്എസ്എസിലെ അധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും പിന്തു ണയും ഈ അന്താരാഷ്ട്ര നേട്ടത്തിലേക്കുള്ള യാത്രയിൽ തുണയായിട്ടുണ്ടെന്ന് മാതാപിതാക്കൾ വ്യക്തമാക്കി.
ഇത്രയും ചെറുപ്രായത്തിൽ ലോകത്തിലെ ഏറ്റവും വലിയ യോഗ റിക്കാർഡ് നേട്ടത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ബഹിയ ഫാത്തിമയുടെ കഴിവിനും ആത്മസമർപ്പണത്തിനും തെളിവാണ്. ഈ നേട്ടം കുറ്റിച്ചലിനും ഉഴമലയ്ക്കൽ എസ്എൻഎച്ച്എസ്എസിനും മാത്രമല്ല, കേരളത്തിനാകെ അഭിമാനകരമായ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നതെന്നും മാതാപിതാക്കൾ ചൂണ്ടിക്കാട്ടി.
ഗിന്നസ് വേൾഡ് റിക്കാർഡ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ എം.ജെ. ബഹിയ ഫാത്തിമയെ സ്കൂൾ അധികൃതരും അധ്യാപകരും വിദ്യാർഥികളും നാട്ടുകാരും വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളും അഭിനന്ദിച്ചു.