മുക്കം: സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പെട്രോൾ പമ്പുകളിൽ നിന്ന് കുപ്പികളിലും കന്നാസുകളിലും മറ്റും ഇന്ധനം നൽകുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം വന്നതോടെ പ്രതിസന്ധിയിലായി ചെറുകിട കർഷകർ. വാഴ, കമുങ്ങ്, നെല്ല് തുടങ്ങിയ കൃഷികൾക്ക് മരുന്ന് തളിക്കുന്ന മെഷീനുകൾ പ്രവർത്തിക്കാൻ പെട്രോൾ അത്യാവശ്യമാണ്. കൃഷിയിടങ്ങളിലെയും മറ്റും മരങ്ങൾ മുറിക്കുന്ന ചെയിൻസോ മെഷീനുകൾ പൂർണമായും പെട്രോളിലാണ് പ്രവർത്തിക്കുന്നത്. കൃഷിയിടം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ബ്രഷ് കട്ടറുകൾക്കും പെട്രോൾ വേണം.
എന്നാൽ ഈ യന്ത്രങ്ങളൊക്കെത്തന്നെ പെട്രോൾ പമ്പുകളിലേക്ക് നേരിട്ട് എത്തിച്ച് ഇന്ധനം അടിക്കുക എന്നത് ഒട്ടും സാധ്യവുമല്ല എന്നതാണ് കർഷകരെ കുഴക്കുന്നത്. സുരക്ഷ മുൻനിർത്തിയുള്ള നിയമങ്ങൾ പാലിക്കപ്പെടേണ്ടതാണെന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും കൃഷിയും അനുബന്ധ ജോലികളും നിലച്ചുപോകാതിരിക്കാൻ ഇതിനൊരു പോംവഴി ഉണ്ടാകണമെന്നാണ് കർഷകർ പറയുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ കൃഷി ഭവന്റെയോ സാക്ഷ്യപത്രത്തിലൂടെയോ അല്ലെങ്കിൽ കർഷക ഐഡി കാർഡോ കാണിക്കുന്നവർക്ക് ആവശ്യമായ കുറഞ്ഞ അളവിൽ കൃത്യമായ രജിസ്റ്റർ വിവരങ്ങൾ സൂക്ഷിച്ചുകൊണ്ട് കന്നാസുകളിൽ പെട്രോൾ നൽകാൻ പമ്പുകൾക്ക് അനുമതി നൽകണമെന്നും ഇവർ പറയുന്നു.
Tags : Local News Nattuvishesham Kozhikode