ഒല്ലൂർ: പുത്തൂർ, പാണഞ്ചേരി പഞ്ചായത്തുകളുടെ മലയോര മേഖലയായ ചെന്നായ്പാറ, മരോട്ടിച്ചാൽ, കൊളാംകുണ്ട് മേഖലയിൽ കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണെന്ന് ജനകീയ സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വന്യജീവികളുടെ ആക്രമണം മൂലം കപ്പ, കാച്ചിൽ, തെങ്ങ്, കവുങ്ങ്, മറ്റു പച്ചക്കറിക്കറികൾ നശിക്കുന്നതോടൊപ്പം ജീവനുതന്നെ ഭീഷണിയായി മാറി യിരിക്കയാണ്. അധികൃതർക്ക് പരാതി കൊടുത്തെങ്കിലും ഫലമില്ല.
മാന്ദാമംഗലം ഫോറസ്റ്റ് ഓഫീസിലേക്ക് നാളെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്താൻ തീരുമാനിച്ചു. വാർത്താസമ്മേളനത്തിൽ ഷാജി വാരപ്പെട്ടിയിൽ, ബാബു പനയ്ക്കൽ, മിനി റെജി എന്നിവർ അറിയിച്ചു.
ഒപ്പുശേഖരണം നടത്തി
പുത്തൂർ: കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി. വെള്ളക്കാരിത്തടത്ത് നടന്ന ഒപ്പ് ശേഖരണ കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. പുത്തൂർ മണ്ഡലം പ്രസിഡന്റ് സിനോയ് സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
തൃക്കൂരിൽ സർവകക്ഷിയോഗം
കല്ലൂർ: തെരുവുനായ്ക്കളെ പ്രതിരോധിക്കാൻ കർമപദ്ധതിയുമായി തൃക്കൂർ പഞ്ചായത്ത്. 'ഒരുമിക്കാം നമുക്ക് തെരുവുനായ ശല്യം ഒഴിവാക്കാൻ' എന്ന സന്ദേശവുമായി പഞ്ചായത്ത് പരിധിയിൽ വ്യാപക പ്രചാരണം നടത്തും. തെരുവുനായ്ശല്യം രൂക്ഷമായതിനെതുടർന്ന് ചേർന്ന സർവകക്ഷിയോഗത്തിലാണ് തീരുമാനങ്ങളുണ്ടായത്.
തൃക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് പോൾസൺ തെക്കുംപീടിക, ജനപ്രതിനിധികൾ, വെറ്റിനറി വകുപ്പ്, സംഘടന പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ഞെള്ളൂർ മാവിന്‍ചുവട് പ്രദേശങ്ങളിൽ തെരുവുനായകളെക്കൊണ്ട് ജനം വലയുകയാണ്. മാവിന്‍ചുവട് രണ്ടു വ്യാപാരികള്‍ക്കും ഞെള്ളൂരില് ഒരു വിദ്യാര്‍ഥിക്കും നായകള്‍ ഓടിപ്പിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റു. നായശല്യം രൂക്ഷമായ ഞെള്ളൂർ നിവാസികൾ പഞ്ചായത്തിലേയ്ക്ക് പ്രതിഷേധമായെത്തിയാണ് പരാതി നല്‍കിയത്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലൂര്‍ ഈസ്റ്റ് യൂണിറ്റും പഞ്ചായത്തിൽ പരാതി നല്കി.