പനത്തടി: പനത്തടി മുതൽ റാണിപുരം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടും പടർപ്പുകളും റാണിപുരം റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ശ്രമദാനത്തിലൂടെ വെട്ടി വൃത്തിയാക്കി. കാടും പടർപ്പുകളും വാഹനങ്ങൾ ഓടിക്കുന്നവരുടെ കാഴ്ച മറയ്ക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങൾ തടയുകയാണ് ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. റോഡ് സംരക്ഷണ സമിതി ചെയർമാൻ എസ്. മധുസൂദനൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ജെ. ജയിംസ്, കെ.ബി. രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ബി. സുരേഷ്, സമിതി കൺവീനർ സി.എസ്. സനൽകുമാർ എന്നിവർ പ്രസംഗിച്ചു. രാജീവ് തോമസ്, കെ.എസ്. സുനീഷ്, ബി. സജിനിമോൾ, ഷാജി ചാരാത്ത്, ഇ.കെ. അനിൽകുമാർ, പി.വി. രാമചന്ദ്രൻ, ജെയ്മോൻ ജോസ് പാണത്തൂർ, ബി.കെ. സുരേഷ് എന്നിവർ ശ്രമദാനത്തിനു നേതൃത്വം നൽകി.
പാണത്തൂർ: പാണത്തൂർ-റാണിപുരം റോഡരികിൽ ബിഎസ്എൻഎൽ കേബിൾ സ്ഥാപിക്കുന്നതിനു വേണ്ടി കുഴിയെടുത്ത ഭാഗങ്ങൾ മഴയിൽ ഇടിഞ്ഞുതാഴ്ന്ന് രൂപപ്പെട്ട അപകടക്കുഴികൾ നികത്താൻ നാട്ടുകാർ ശ്രമദാനവുമായി രംഗത്ത്. പഞ്ചായത്തംഗം എം. ഷിബുവിന്റെ നേതൃത്വത്തിലാണ് കുണ്ടുപ്പള്ളി പ്രദേശത്ത് ശ്രമദാനം നടത്തിയത്. ടെലികോം കമ്പനി നഷ്ടപരിഹാരമായി പഞ്ചായത്തിൽ തുക അടച്ചിരുന്നെങ്കിലും അത് ഉപയോഗിച്ച് അറ്റകുറ്റപണികൾ നടത്തുന്നതിനോ ഓവുചാലുകൾ നിർമിക്കുന്നതിനോ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നു ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാർ നേരിട്ടിറങ്ങുന്നതെന്ന് പഞ്ചായത്തംഗം പറഞ്ഞു. വലിയ കല്ലുകൾ ഇട്ടാണ് കുഴികൾ അടയ്ക്കുന്നത്.
ഇന്നും ശ്രമദാനം തുടരുമെന്ന് പ്രവൃത്തികൾക്ക് നേതൃത്വം നൽകിയ സാമൂഹ്യ പ്രവർത്തകൻ എം.കെ. സുരേഷ് പറഞ്ഞു. പി. ബാബു നായർ, എ. വേണുഗോപാലൻ, എം.കെ. ബാലകൃഷ്ണൻ, കുട്ടി നായക്ക്, സുധിമോൾ എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.