ആലുവ: പൈലിംഗ് ചെലവ് കുറയ്ക്കണമെന്ന നിർദേശത്തെ തുടർന്ന് നിർത്തിവച്ച നിർദ്ദിഷ്ട ആലുവ കോടതി കെട്ടിട സമുച്ചയ നിർമാണ പ്രവർത്തനങ്ങൾ ഈ ആഴ്ച പുന:രാരംഭിക്കും. പൈലിംഗ് ചെയ്യേണ്ട രീതിയെക്കുറിച്ച് മേൽനോട്ട സമിതി നൽകിയ നിർദേശം കരാറുകാരൻ സ്വീകരിക്കാതിരുന്നതാണ് നിർമാണം താത്കാലികമായി നിർത്തിവയ്ക്കാൻ ഇടയായത്.
കരാറിൽ പറഞ്ഞ പ്രകാരം തന്നെ പൈലിംഗ് തുടരാമെന്ന് കഴിഞ്ഞ ദിവസം ചേർന്ന സമിതി അനുമതി നൽകിയതോടെയാണ് കാലതാമസം ഒഴിവായത്. പൈലിംഗ് ചെലവ് കുറക്കാൻ പുതിയ മാർഗം പരീക്ഷിക്കണമെന്ന നിർദേശം സമിതി പിൻവലിച്ചു.പൈലിംഗും അതിനു ശേഷം മണ്ണ് ലേലം വിളിയും നടക്കുമെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് പി.എൻ. ഉണ്ണികൃഷ്ണൻ ദീപികയോട് പറഞ്ഞു.
അഞ്ച് നില കെട്ടിടത്തിന്റെ അടിയിൽ രണ്ട് ബേസ്മെന്റുകളാണ് പിന്നിലൂടെ വരുന്ന വാഹനങ്ങളുടെ പാർക്കിംഗിനായി ഒരുക്കുന്നത്. ഇവിടെ നിന്ന് വൻതോതിൽ മണ്ണ് നീക്കം ചെയ്യേണ്ടതുണ്ട്.
ഈ മണ്ണ് എവിടെക്കൊണ്ടു വന്നിടുമെന്ന ആശയക്കുഴപ്പവും നിർമാണ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. മണ്ണ് നിർമാണ സ്ഥലത്ത് ഒതുക്കിയിട്ടശേഷം ലേലം വിളിക്കാമെന്ന് പൊതുമരാമത്ത് വകുപ്പുമായി ധാരണയായിട്ടുണ്ട്.
35 കോടി രൂപ ചെലവിൽ നിർമിക്കുന്ന കോടതി സമുച്ചയത്തിന് ഫെബ്രുവരി 17നാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് സൗമൻ സെൻ തറക്കല്ലിട്ടത്. അഞ്ച് നില കെട്ടിടം 79,172 ചതുരശ്ര അടി വിസ്തീർണത്തിലാണ് നിർമിക്കുന്നത്. രണ്ട് ബേസ് മെന്റുകളിലായി നൂറിലധികം കാറുകൾക്ക് പാർക്ക് ചെയ്യാനാകും. 18 മാസത്തിനകം പൂർത്തീകരിക്കുമെന്നായിരുന്നു കരാർ കമ്പനിയുടെ വാഗ്ദാനം.
നിലവിൽ ആലുവയിലെ കോടതികൾ വാടക കെട്ടിടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. മുൻസിഫ്, മജിസ്ട്രേറ്റ് കോടതികൾ ആലുവ ബിഎസ്എൻഎൽ കെട്ടിടത്തിലും പോക്സോ കോടതി സീനത്ത് ജംഗ്ഷനിലും കുടുംബകോടതി ആലുവ മുനിസിപ്പാലിറ്റിയ്ക്ക് എതിരെയുമാണ് പ്രവർത്തിക്കുന്നത്.
Tags : Aluva Court Complex Construction