ഉള്ളൂർ: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം ഈഞ്ചയ്ക്കൽ വള്ളക്കടവ് പ്രാണയിൽ സി.അമൽ കുമാറിന്‍റെ (40) അവയവങ്ങൾ ഇനി മൂന്ന് പേർക്ക് പുതുജീവനേകും. അമലിന്‍റെ രണ്ട് വൃക്കകളും കരളുമാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്തത്.
ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കും രണ്ടാമത്തെ വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികൾക്കുമാണ് മാറ്റിവെച്ചത്.
കഴക്കൂട്ടം ടൊയോട്ട സർവീസ് സെന്‍ററിൽ കസ്റ്റമർ റിലേഷൻസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു അമൽ. 2026 ജൂൺ നാലിന് രാവിലെ പത്ത് മണിയോടെ അമലിന് ഓഫീസിൽ വെച്ച് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കഴക്കൂട്ടത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജൂൺ ആറോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഭാര്യ എം. വിനീത. മകൾ വി.എ. അമേയ. പി. ചന്ദ്രശേഖര നായർ -ടി. ലതകുമാരി ദമ്പതികളുടെ മകനാണ് അമൽ. സഹോദരങ്ങൾ: സി. അഭിലാഷ്, സി.അഭിഷേക്.
Tags : organ donation