x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാഴ്‌വസ്തുക്കൾക്ക് പുതുജീവൻ; നെടുമങ്ങാട് നഗരസഭയ്ക്ക് വർണച്ചിറകായി സന്തോഷിന്‍റെ കലാസൃഷ്ടികൾ

തിരുവനന്തപുരം ബ്യൂറോ
Published: June 8, 2026 03:06 PM IST | Updated: June 8, 2026 03:06 PM IST

നെടുമങ്ങാട്: നമ്മൾ പലപ്പോഴും ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന ടയറുകളും പ്ലാസ്റ്റിക് കുപ്പികളും പഴകിയ പാത്രങ്ങളും സൈക്കിളുകളും കളിപ്പാട്ടങ്ങളുമൊക്കെ ഇന്ന് നെടുമങ്ങാട് നഗരസഭയുടെ പരിസരത്ത് പുതുജീവൻ നേടി സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഈ വ്യത്യസ്തമായ മാറ്റത്തിന് പിന്നിൽ കലാകാരനായ സന്തോഷ് പാപ്പനംകോടിന്റെ സൃഷ്ടിപരമായ കൈകളാണ്.

ശുചിത്വ മിഷനും നെടുമങ്ങാട് നഗരസഭയും ചേർന്ന് നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ മുൻവശവും പാർക്കിംഗ് ഏരിയയ്ക്ക് സമീപമുള്ള ഉപയോഗശൂന്യമായി കിടന്ന സ്ഥലവും വർണാഭമായ കലാലോകമായി മാറി. പ്ലാസ്റ്റിക് ബോട്ടിലുകൾ, കുപ്പിയടപ്പുകൾ, സ്പൂണുകൾ, പഴയ സൈക്കിളുകൾ, സ്‌കൂട്ടർ ടയറുകൾ, ഉപയോഗശൂന്യമായ കളിപ്പാട്ടങ്ങൾ, തകരാറിലായ പാത്രങ്ങൾ തുടങ്ങി പലരും മാലിന്യമെന്ന് കരുതുന്ന വസ്തുക്കളാണ് ഇവിടെ കലാസൃഷ്ടികളായി പുനർജനിച്ചത്.

പഴയ ടയറുകളിലും തടികളിലും തീർത്ത ഇരിപ്പിടങ്ങൾ, വർണപ്പകിട്ടാർന്ന അലങ്കാരങ്ങൾ, പൂക്കളും പക്ഷികളും ഉൾപ്പെടുന്ന ആർട്ട് വർക്കുകൾ, കൂടാതെ ക്യാനുകളും കമ്പ്യൂട്ടർ മദർബോർഡുകളും ഹാർഡ് ഡിസ്കുകളും ഉപയോഗിച്ച് നിർമിച്ച റോബോട്ടുകളും സന്ദർശകരുടെ ശ്രദ്ധ ആകർഷിക്കുന്ന പ്രധാന കാഴ്ചകളാണ്. രണ്ടാഴ്ചയോളം നീണ്ട അധ്വാനത്തിനൊടുവിലാണ് സന്തോഷ് ഈ കലാപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

"മാലിന്യം ഒരു മാലിന്യമല്ല' എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ്‌വസ്തുക്കൾ പരിസ്ഥിതിക്ക് ഭീഷണിയാകുന്ന കാലത്ത് അവയെ കലാരൂപങ്ങളാക്കി മാറ്റി ജനങ്ങളിൽ ബോധവത്കരണം സൃഷ്ടിക്കുകയാണ് ഈ പദ്ധതിയിലൂടെ.

മുപ്പത് വർഷത്തിലേറെയായി സിനിമ-സീരിയൽ രംഗത്ത് കലാസംവിധാന മേഖലയിൽ സജീവമായ സന്തോഷിന് ഈ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകുന്നത് ഭാര്യ സിന്ധുവാണ്. മക്കളായ സ്നേഹ ടെക്നോപാർക്കിൽ സോഫ്റ്റ്‌വെയർ എൻജിനീയറായും സാന്ദ്ര ബിഗ് ടിവിയിൽ ഗ്രാഫിക് ഡിസൈനറായും ജോലി ചെയ്യുന്നു.

പാഴ്‌വസ്തുക്കൾ വലിച്ചെറിയാതെ അവയ്ക്ക് പുതിയ സാധ്യതകൾ കണ്ടെത്താമെന്ന സന്ദേശമാണ് നെടുമങ്ങാട് നഗരസഭയും കലാകാരൻ സന്തോഷും ചേർന്ന് സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. മാലിന്യങ്ങളെ മനോഹരമായ കലാസൃഷ്ടികളാക്കി മാറ്റിയ ഈ സംരംഭം പരിസ്ഥിതി സംരക്ഷണത്തിന്റെയും സൃഷ്ടിപരതയുടെയും മികച്ച മാതൃകയായിമാറുകയാണ്.

Tags : Santosh artwork Nedumangad

Recent News

Corehub Up