ഹരിത വനിതാ ബ്രിഗേഡ് കൊണ്ടുവന്ന പയലാംഗ് യലാംഗ് എന്ന വൃക്ഷത്തിന്റെ തൈ മെഡിക്കല്‍ കോളജ് കാമ്പസില്‍ നട്ടപ്പോള്‍. വലതുവശത്ത് പയലാംഗ് യലാംഗ് പുഷ്പം
ഉളളൂര്‍: ഇന്‍റര്‍നാഷണല്‍ ഇയര്‍ ഓഫ് വിമന്‍ ഫാര്‍മര്‍ വര്‍ഷമായ 2026-ല്‍ പുതുതായി രൂപീകരിച്ച ഹരിത വനിതാ ബ്രിഗേഡിന്‍റെ പരിസ്ഥിതി സംരക്ഷണം ജനശ്രദ്ധയാകര്‍ഷിക്കുന്നു.
കാമ്പസിലാകെ സുഗന്ധം പരത്തുന്ന പയലാംഗ് യലാംഗ് എന്ന വൃക്ഷത്തിന്റെ തൈ നട്ടുകൊണ്ടാണ് ഹരിത വനിതാ ബ്രിഗേഡിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. കാട്ടു ചെമ്പകം എന്നറിയപ്പെടുന്ന വൃക്ഷത്തിന്റെ പൂവിലൂടെ കാമ്പസിനെ മൊത്തത്തില്‍ സുഗന്ധപൂരിതമാക്കുക എന്നതിനൊപ്പം കാമ്പസിനെ ഹരിതാഭവും പരിസ്ഥിതി സൗഹൃദവുമാക്കുക എന്നതുകൂടി ലക്ഷ്യമിടുന്നു.
കാര്‍ഷിക മേഖലയില്‍ സ്ത്രീകള്‍ നല്‍കുന്ന മികച്ച സംഭാവനകളെ ആദരിക്കുന്നതിനും അവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ആഗോളതലത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനും ഈ വിമന്‍ ഇയര്‍ പ്രചോദനമേകുമെന്നാണ് വനിതാ ബ്രിഗേഡിന്‍റെ പ്രതീക്ഷ.
ഹരിത വനിതാ ബ്രിഗേഡില്‍ മെഡിക്കല്‍ കോളജ്, നഴ്‌സിംഗ് കോളജ്, ഡെന്‍റല്‍ കോളജ് എന്നിവിടങ്ങളിലെ ഓരോ വകുപ്പില്‍ നിന്നും ഒരു ഫാക്കല്‍റ്റി അംഗം ഉണ്ടാകും. സന്നദ്ധപ്രവര്‍ത്തനമാണ് പരിസ്ഥിതി കാര്യനിര്‍വഹണത്തിന്‍റെ പ്രധാന അജൻഡ.
കാമ്പസിലെ എല്ലാ ഹരിത പ്രവര്‍ത്തനങ്ങളുടെയും ചുമതല വഹിക്കുന്നതിനായി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, സെക്രട്ടറി, ട്രഷറര്‍ ഉള്‍പ്പെടെ 10 അംഗങ്ങളുടെ ഒരു കോര്‍ ടീം രൂപീകരിച്ചിട്ടുണ്ട്.