കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയില്‍ ആംബുലന്‍സിന്റെ സേവനം നിലച്ചതോടെ രോഗികൾ ദുരിതത്തിൽ. ആന്റോ ആന്റണി എംപി അനുവദിച്ച ആംബുലന്‍സ് മാത്രമായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. ഗിയര്‍ബോക്സ് കേടായതോടെ ആംബുലന്‍സ് ഇപ്പോൾ പണിക്ക് കയറ്റിയിരിക്കുകയാണ്. നിലവില്‍ ആംബുലന്‍സ് സേവനമില്ലാതായതോടെ രോഗികള്‍ക്ക് സ്വകാര്യ ആംബുലന്‍സ് സര്‍വീസുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്.
ഒരു വര്‍ഷം മുന്‍പ് മുൻ എംഎൽഎ ഡോ. എന്‍. ജയരാജിന്റെ ഫണ്ടില്‍നിന്ന് അനുവദിച്ച ആംബുലന്‍സ് രോഗിയുമായി പോകവേ അപകടത്തിൽപ്പെട്ട് തകരാറിലായി വർക്ക്ഷോപ്പിലാണ്. എംപി ആംബുലൻസ് അനുവദിച്ചപ്പോൾ പഴയ ഒരു ആംബുലൻസ് ഡിഎംഒ ഓഫീസിലേക്കു തിരിച്ചു കൊണ്ടുപോയി. ജീപ്പ് ആംബുലൻസ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായാണ് ഓടുന്നത്.
മലയോരമേഖലയില്നിന്നടക്കം നിത്യേന നിരവധി രോഗികളെത്തുന്ന ആശുപത്രിയിൽ ആംബുലന്‍സ് സൗകര്യമില്ലാത്തത് രോഗികളെ ഏറെ വലയ്ക്കുകയാണ്. കിഴക്കൻ മലയോര മേഖലയിലും ശബരിമല തീർഥാടന പാതകളിലും അപകടങ്ങളോ അത്യാഹിതങ്ങളോ ഉണ്ടായാൽ ആദ്യം എത്തിക്കുന്നത് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലാണ്.
ഇവിടെനിന്ന് റഫർ ചെയ്യേണ്ടി വരുന്പോൾ ആംബുലൻസുകൾ ഇല്ലാതെ വരുന്നത് രോഗികളുടെ ജീവനുതന്നെ ഭീഷണിയാണ്. അടിയന്തര ഘട്ടങ്ങളില്‍ 108 ആംബുലന്‍സിന്റെ സേവനം മാത്രമാണ് ഇപ്പോഴുള്ള ആശ്രയം. ആകെയുണ്ടായിരുന്ന ആംബുലന്‍സ് പണിക്ക് കയറ്റിയപ്പോള്‍ കൂട്ടിക്കലിലെ ആംബുലന്‍സിന്റെ സേവനം കുറച്ച് ദിവസം ആശുപത്രിയില്‍ ലഭ്യമാക്കിയിരുന്നു. പിന്നീട് ഇതും തിരികെ കൊണ്ടുപോയി. ആദ്യം പണിക്ക് കയറ്റിയ ആംബുലന്‍സ് രണ്ട് ദിവസത്തിനുള്ളില്‍ നിരത്തിലിറക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Ambulance services