കൊച്ചി: പേരണ്ടൂര് കനാല് തീരത്തെ പി ആന്ഡ് ടി കോളനി നിവാസികളെ പുനരധിവസിപ്പിച്ച മുണ്ടംവേലിയിലെ അപ്പാര്ട്ടുമെന്റിന്റെ ശോച്യാവസ്ഥ വിവരിച്ച് അമിക്കസ്ക്യൂറി റിപ്പോര്ട്ട്. അപ്പാര്ട്ടുമെന്റുകളിലെ ശൗചാലയത്തിലും അടുക്കളയിൽനിന്നുമുള്ള അഴുക്കുജലം താഴെയുള്ള അപ്പാര്ട്ടുമെന്റുകളിലേക്ക് ഒലിച്ചിറങ്ങുന്നുവെന്നതടക്കം വിവരിച്ചാണ് അഡ്വ. ഗോവിന്ദ് പത്മനാഭന്റെ റിപ്പോര്ട്ട്. റിപ്പോര്ട്ട് ഞെട്ടിക്കുന്നതാണെന്നും ഈ ദുരവസ്ഥക്ക് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും റിപ്പോര്ട്ട് പരിശോധിച്ച ജസ്റ്റീസ് ദേവന് രാമചന്ദ്രന് പറഞ്ഞു. ഇതില് കരാറുകാര്ക്കും ഉത്തരവാദിത്വമുണ്ടെന്ന് കോടതി വ്യക്തമാക്കി.
സെപ്റ്റിക് ടാങ്കില്നിന്നുള്ള മലിനജലം തുറസായ സ്ഥലങ്ങളിലേക്ക് കവിഞ്ഞൊഴുകുന്നത് ഗുരുതരമായ ആരോഗ്യ ഭീഷണിയാണെന്ന് അമിക്കസ്ക്യുറിയുടെ റിപ്പോര്ട്ടില് പറയുന്നു. മലിനജല സംസ്കരണ പ്ലാന്റിന്റെ ശേഷി അപര്യാപ്തമാണ്. അഴുക്കുവെള്ളം ചോര്ന്നൊലിക്കുന്നതിനാല് അപ്പാര്ട്ട്മെന്റിന്റെ സ്റ്റീല് തൂണുകളും ഷീറ്റുകളും തുരുമ്പെടുക്കുന്നു. അപ്പാര്ട്ട്മെന്റില് ലിഫ്റ്റ് സൗകര്യമില്ല. സമീപത്തൂടെ കടന്നുപോകുന്ന 110 കെ.വി. ഹൈടെന്ഷന് ലൈനില്നിന്ന് പാലിക്കേണ്ട നിര്ബന്ധിത സുരക്ഷാ അകലം പാലിച്ചിട്ടില്ല. ഇലക്ട്രിക്കല് കണ്ട്രോള് റൂമുകളിലെ ഉപകരണങ്ങളുടെ അടിത്തറ തുരുമ്പിച്ച നിലയിലാണ്. കൃത്യമായി എര്ത്തിംഗ് സംവിധാനമോ അഗ്നി നിയന്ത്ര സംവിധാനമോ ഇല്ല. താമസക്കാരെ എത്രയും വേഗം ഇവിടെ നിന്ന് മാറ്റിപ്പാര്പ്പിക്കണമെന്നും സാങ്കേതികസമിതി നിയോഗിച്ച് കെട്ടിടത്തിന്റെ ബലവും ഉപയോഗക്ഷമതയും പരിശാധിക്കണമെന്നും റിപ്പോര്ട്ടില് ആവശ്യപ്പെടുന്നു.
14 കോടിയോളം രൂപ ചെലവഴിച്ച് നിര്മിച്ച അപ്പാര്ട്ട്മെന്റിന്റെ പുനരുദ്ധാരണത്തിന് അത്രയും കൂടി തുക വേണ്ടിവരുമെന്നാണ് ഓണ്ലൈനില് ഹാജരായ ജില്ലാ കളക്ടര് ജി. പ്രിയങ്ക അറിയിച്ചത്. കരാറുകാരൻ ഇടയ്ക്ക് ഉപേക്ഷിച്ചുപോകുന്ന സ്ഥിതിയുണ്ടായിട്ടും കോടതിയുടെ ഇടപെടലിലൂടെയാണ് വര്ഷങ്ങളെടുത്തെങ്കിലും അപ്പാര്ട്ടുമെന്റിന്റെ നിര്മാണം പൂര്ത്തിയാക്കിയതെന്ന് കോടതി പറഞ്ഞു. ഉദ്ഘാടനം ചെയ്യാന് വേണ്ടി മാത്രമായിരുന്നോ നിര്മാണമെന്നും കോടതി ചോദിച്ചു. പി ആൻഡ് ടി കോളിനിയിലേക്ക് തിരികെ പോയാല് മതിയെന്നാണ് താമസക്കാര് പറയുന്നതെന്ന് അഭിഭാഷകര് ചൂണ്ടിക്കാട്ടി. എന്തൊരു ദുരന്തമാണിതെന്നായിരുന്നു കോടതിയുടെ പ്രതികരണം. അപ്പാര്ട്ടുമെന്റില് താമസിക്കുന്നവരെ ഉടന് മാറ്റിപാര്പ്പിക്കണമെന്നാവശ്യപ്പെട്ട് സര്ക്കാറിന് റിപ്പോര്ട്ട് നല്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര് അറിയിച്ചു. മന്ത്രിതലത്തില് തീരുമാനം വേണ്ടതുണ്ട്. മദ്രാസ് ഐഐടിയിലെ വിദഗ്ധരുടെ സഹായമടക്കം തേടിയിട്ടുണ്ട്. വിഷയം അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. അമിക്കസ്ക്യൂറിയുടെ റിപ്പോര്ട്ടിലടക്കം നിലപാട് അറിയിക്കാന് സര്ക്കാറിനും മറ്റ് എതിര്കക്ഷികള്ക്കും കോടതി നിര്ദേശം നല്കി.
Tags : NattuVishesham.DistricteNews