കല്ലോടി: മാനന്തവാടി രൂപത കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലുള്ള കല്ലോടി സെന്റ് ജോസഫ് യുപി സ്കൂളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതിയായ തൂഫാനോട് ബന്ധപ്പെടുത്തി സുധീരം 2026 എന്ന പേരില്‍ ലഹരി വിരുദ്ധ മാസാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി.
മാനന്തവാടി സബ് ഇന്‍സ്പെക്ടര്‍ കെ.എന്‍. സുനില്‍ കുമാര്‍ ലഹരി വിരുദ്ധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എടവക പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീല ബാലന് നിര്‍വഹിച്ചു. ലോകകപ്പ് ഫുട്ബോളും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ചുകൊണ്ട് ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന വിപുലമായ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സ്കൂള്‍ പ്രധാന അധ്യാപകന് ജോസ് പള്ളത്ത്, സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. തോമസ് ഞള്ളമ്പുഴ, പിടിഎ പ്രസിഡന്റ് ജിനീഷ് തോമസ്, വിദ്യാരംഗം കലാസാഹിത്യ വേദി കണ്‍വീനര്‍ ജോസ്ലി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.