കിഴക്കേത്തല- കൽക്കുണ്ട് റോഡ് തകർന്ന നിലയിൽ.
കരുവാരകുണ്ട്: റോഡ് തകർന്ന് കുണ്ടുംകുഴിയുമായതോടെ യാത്രാ ദുരിതം. മഴക്കാലമായതോടെ തകർന്ന റോഡ് ചളിക്കുളമായി. കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളിലാണ് ജനങ്ങൾ ബുദ്ധിമുട്ടുന്നത്. വർഷങ്ങളായി അറ്റകുറ്റപ്പണികളോ ടാറിംഗ് പ്രവൃത്തിയോ നടത്താത്തതിനാൽ പഞ്ചായത്തിലെ പല റോഡുകളും ശോചനീയാവസ്ഥയിലാണ്.
കിഴക്കേതല-കൽക്കുണ്ട് റോഡ്, മരുതുങ്ങൽ-കണ്ണത്ത് റോഡ്, ഖാൻഖാഹ്-പുൽവെട്ട റോഡ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന ഗ്രാമീണ റോഡുകൾ കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ തകർന്ന് ഏറ്റവും മോശം അവസ്ഥയിലായതോടെ ജനകീയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മഴ പെയ്യുന്നതോടെ റോഡുകൾ ചെളിക്കുളങ്ങളായി മാറുകയും വാഹനയാത്രയും കാൽനടയാത്രയും ദുഷ്കരമാവുകയും ചെയ്യുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി റോഡുകൾ വെട്ടിപ്പൊളിച്ച് പൈപ്പുകൾ സ്ഥാപിച്ചെങ്കിലും റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതോടെ നിലവിലുണ്ടായിരുന്ന റോഡുകൾ പോലും കൂടുതൽ തകർച്ചയിലായതായി നാട്ടുകാർ പറയുന്നു.
അതേസമയം മുള്ളറ ആര്യാടൻ കോളനി പാലത്തിന്റെ നിർമാണ പ്രവൃത്തിയും വർഷങ്ങളായി ഇഴഞ്ഞുനീങ്ങുകയാണ്. പാലം പണി പൂർത്തിയാകാത്തത് പ്രദേശവാസികളുടെ യാത്രാ ബുദ്ധിമുട്ടുകൾ വർധിപ്പിക്കുന്നതായും വികസന പദ്ധതികളോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിന് കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുവെന്ന അവകാശവാദങ്ങൾക്കിടയിലും പഞ്ചായത്തിലെ റോഡുകളുടെ ദുരവസ്ഥ തുടരുന്നത് ഭരണസംവിധാനത്തിന്റെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ വിമർശനം. അടിയന്തരമായി റോഡുകളുടെ നവീകരണവും പാലം നിർമാണവും പൂർത്തിയാക്കി ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാ യിട്ടുണ്ട്.
Tags : Local News Nattuvishesham Malappuram